പട്ടിക്കാട് . ചുവന്നമണ്ണ് പത്താം കല്ലിനു സമീപം ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ മിനി ചരക്കു ലോറി ഇടിച്ച് അപകടമുണ്ടായി. കാറിലുണ്ടായിരുന്ന തെക്കുംപാടം സ്വദേശികളായ കുടുംബത്തിലെ മൂന്ന് പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പാലക്കാട് ഭാഗത്തേക്കുള്ള ട്രാക്കിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സർവീസ് റോഡും കടന്ന് കാനയിലേക്ക് തെറിച്ചു വീണ കാറിൻറെ പിൻഭാഗം പൂർണമായും തകർന്നു . എങ്കിലും കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഐഷർ വാഹനമാണ് പുതിയ മാരുതി സ്വിഫ്റ്റ് കാറിൽ ഇടിച്ചത്. ചരക്കു ലോറിയുടെ ഡ്രൈവർ ആലത്തൂർ സ്വദേശി അബ്ദുൾ സമീറിന് നിസാര പരിക്കേറ്റു. ഇയാളെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചരക്കു ലോറിയുടെ ഡ്രൈവർ മദ്യപിച്ചിരുന്നതായി സ്ഥലത്തെത്തിയ നാട്ടുകാർ പറഞ്ഞു. തൃശ്ശൂർ ഭാഗത്തു നിന്നും വരുന്നതിനിടയിൽ മറ്റ് മൂന്ന് വാഹനങ്ങളിലും ലോറി തട്ടിയിരുന്നു. ഈ വിവരമറിഞ്ഞ് ഹൈവേ പോലീസ് ലോറിയെ പിന്തുടരുന്നുണ്ടായിരുന്നു.


0 Comments