പട്ടിക്കാട്. മുടിക്കോട് മുസ്ലിം പള്ളിക്ക് സമീപം ഓട്ടോറിക്ഷയിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെയാണ് അപകടം സംഭവിച്ചത്. വല്ലച്ചിറ സ്വദേശികളാണ് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാർ. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. ഒരാളുടെ കാലിന് സാരമായ പരിക്കുണ്ട്. ഓട്ടോ ഡ്രൈവർക്ക് പരിക്കില്ല. നെന്മാറ വല്ലങ്ങി പൂരം കാണാൻ പോകുന്ന വഴിയാണ് അപകടം. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ മുടിക്കോട് മുതൽ ചെമ്പൂത്ര വരെയുള്ള ഭാഗം അപകടമേഖലയായി തീർന്നിരിക്കുകയാണ്. വാഹനങ്ങളുടെ അമിത വേഗതയും ദേശീയപാത മുറിച്ച് കടക്കുന്നവരുടെ ശ്രദ്ധയില്ലായ്മയും ഇതിന് കാരണമാകുന്നുണ്ട്. കാൽനട യാത്രക്കാർ ദേശീയപാത മുറിച്ചു കടക്കുന്ന സ്ഥലങ്ങളിൽ ഇടേണ്ട സീബ്രാലൈൻ മുടിക്കോട് സെന്ററിൽ ഇല്ല. മുന്നറിയിപ്പ് നൽകുന്ന ബോർഡുകളും സ്ഥാപിച്ചിട്ടില്ല. മാസങ്ങളായി തകർന്ന് കിടന്ന സിഗ്നൽ ലൈറ്റ് അഴിച്ച് മാറ്റിയതല്ലാതെ പുതിയത് സ്ഥാപിക്കാനും അധികൃതർ തയ്യാറായിട്ടില്ല. ചെമ്പൂത്രയിലും ആളുകൾക്ക് ദേശീയപാത മുറിച്ച് കടക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും സൂചനാ ബോർഡുകൾ ദേശീയപാതയിൽ സ്ഥാപിച്ചിട്ടില്ല. എത്രയും പെട്ടെന്ന് ഈ മേഖലകളിൽ വേണ്ടത്ര സുരക്ഷാ മുന്നറിയിപ്പുകൾ ഒരുക്കിയില്ലെങ്കിൽ അപകടങ്ങൾ തുടർക്കഥയാകും എന്നതിൽ സംശയമില്ല.


0 Comments