പാണഞ്ചേരി. ദേശീയപാതയോരത്തെ കാന നിർമ്മാണത്തിനിടെ കുടിവെള്ള പൈപ്പ് ലൈൻ തകർന്നു. ഇതോടെ പ്രദേശത്തെ അമ്പതോളം കുടുംബങ്ങൾ ദുരിതത്തിലായി. പാണഞ്ചേരി ബസ് സ്റ്റോപ്പിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ജെസിബി ഉപയോഗിച്ച് കാനയ്ക്ക് കുഴിയെടുക്കുന്നതിനിടെയാണ് മുടിക്കോട് നിന്നും പാണഞ്ചേരി ഭാഗത്തേക്ക് പോകുന്ന പൈപ്പ് ലൈൻ തകർന്നത്. ഉടൻ മുടിക്കോട് ഭാഗത്തുള്ള മെയിൻ വാൽവ് അടച്ചെങ്കിലും പൈപ്പുകളുടെ കേടുപാടുകൾ തീർക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്ന് വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ പറഞ്ഞു. ദേശീയപാത അതോറിറ്റി അറിയിച്ചെങ്കിലേ പൈപ്പുകൾ പുനസ്ഥാപിക്കാനാകൂ എന്നതാണ് വാട്ടർ അതോറിറ്റി അധികൃതരുടെ നിലപാട്. ഇതോടെ പ്രശ്‌ന പരിഹാരത്തിനായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധികൃതരുമായി ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വേനൽ കടുത്തതോടെ പ്രദേശത്തെ കിണറുകൾ പലതും വറ്റിത്തുടങ്ങി. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾ പ്രദേശത്തുണ്ട്. വെറും പത്ത് മിനിറ്റ് സമയം കൊണ്ട് തകരാർ പരിഹിക്കേണ്ട വിഷയത്തിൽ നാലാം ദിവസമായിട്ടും അധികൃതർ ഇടപെടാത്തതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി വാർഡ് മെമ്പർ പറഞ്ഞു.


0 Comments