പട്ടിക്കാട്. ആൽപ്പാറ ഇവിയു പടിയിൽ പീച്ചിഡാം റോഡിന് അടിയിലൂടെ ഉള്ള കാനയിലൂടെ മഴവെള്ളം ഒഴുകില്ല. കഴിഞ്ഞ മഴക്കാലത്ത് കാനക്കുള്ളിൽ വന്നടിഞ്ഞ മണ്ണും ചെളിയും ആണ് മഴ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത്. ഇവിയു പടി മുതൽ പൈപ്പ് ലൈൻ വരെയുള്ള റോഡ് പ്രദേശത്തെ വെള്ളക്കെട്ട് മൂലം പൂർണമായും തകർന്നിരുന്നു. മാസങ്ങളായി തകർന്നു കിടന്ന റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വശങ്ങളിൽ കാനകൾ പണിത് പഴയതിലും ഉയർത്തിയാണ് റോഡ് നിർമ്മിക്കുന്നത്. ഈ കാനകൾ വന്നുചേരുന്നത് പീച്ചിഡാം റോഡിന് അടിയിലൂടെ പോകുന്ന പഴയ കാനയിലേക്കാണ്. ഈ കാനയിൽ ആണ് മണ്ണും ചെളിയും നിറഞ്ഞു വെള്ളം ഒഴുകിപ്പോകാൻ തടസ്സമായ നിലയിൽ ആയിരിക്കുന്നത്. പൈപ്പ് ലൈൻ ഭാഗത്തേക്കുള്ള റോഡ് ഉയരുകയും കാന യിലൂടെ വെള്ളം ഒഴുകി പോകാതിരിക്കുകയും ചെയ്താൽ മുകളിൽ നിന്നും ഒഴുകി വരുന്ന മഴ വെള്ളം മുഴുവൻ പീച്ചി ഡാം റോഡിലൂടെ കവിഞ്ഞൊഴുകുകയും പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകുകയും ചെയ്യും. ഇത് റോഡിലൂടെയുള്ള വാഹന ഗതാഗതത്തെ സാരമായി ബാധിക്കും. ആയതിനാൽ പഴയ കാനയിലെ തടസ്സങ്ങൾ എത്രയുംവേഗം നീക്കി മഴവെള്ളം സുഗമമായി ഒഴുകി പോകുന്നതിന് വേണ്ട പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു


0 Comments