പട്ടിക്കാട്. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പഞ്ചായത്ത് തല കമ്മിറ്റിയുടെ യോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയുടെ വികസനത്തിനു വേണ്ടി കർഷകർക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകുന്നുണ്ടെന്നും സംസ്ഥാനത്ത് കാർഷിക വിളകളുടെ ഉത്പാദനത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളുടെ ഉപയോഗത്തിൽ കുറവ് വന്നിട്ടുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചായത്തിനകത്തെ വീടുകളിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കുക, തരിശ് ഭൂമികൾ കൃഷിയോഗ്യമാക്കുക, കാർബൺ ന്യൂട്രൽ കൃഷി പ്രോത്സാഹിപ്പിക്കുക, കർഷക ഗ്രൂപ്പുകൾ മുഖേന കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പദ്ധതികൾക്ക് ലക്ഷ്യമിടുന്നതായി കമ്മിറ്റി അറിയിച്ചു. ചടങ്ങിൽ വികസകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, സിഡിഎസ് ചെയർപേഴ്‌സൻ ഉഷ മോഹൻ, കൃഷി ഓഫീസർ ടി.ആർ അഭിമന്യു, വിൽസൺ ചെമ്പനാൽ, മാത്യു നൈനാൻ, കർഷക പ്രതിനിധികൾ, കർഷകർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


0 Comments