പട്ടിക്കാട്. സർവ്വീസ് റോഡുകൾ വൺവേ ആണെന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടിനെ തുടർന്ന് ബസ് ഉടമകൾ പ്രതിസന്ധിയിലായി. പീച്ചിഡാം റൂട്ടിലോടുന്ന ബസുകൾക്ക് പട്ടിക്കാട് ബസ് സ്റ്റാന്റിൽ നിന്നും പുറത്ത് സർവ്വീസ് റോഡിലേക്ക് ഇറങ്ങാൻ കഴിയാത്തതാണ് പ്രശ്‌നം. പീച്ചിറോഡ് ജങ്ഷനിൽ നിന്നും ബസാർ റോഡിലൂടെ സ്റ്റാന്റിൽ എത്തി അവിടെ നിന്നും ഹൈവേ വഴി തിരികെ വരികയായിരുന്നു ചെയ്തിരുന്നത്. ദേശീയപാതയുടെ നിർമ്മാണം പുരോഗമിച്ചതോടെ ബസുകൾ സ്റ്റാന്റിന് പുറത്തിറങ്ങി 100 മീറ്ററോളം എതിർ ദിശയിൽ സഞ്ചരിച്ച് തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ പ്രവേശിച്ചിരുന്നു. എന്നാൽ
മേൽപ്പാതയിലൂടെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയതോടെ ബസ് സ്റ്റാന്റിന് സമീപ സ്ഥലങ്ങളിലെ യു ടേണുകൾ അധികൃതർ അടച്ചു. ഇതോടെ ഏതുവഴി തിരികെ പോകണം എന്നറിയാത്ത അവസ്ഥയിലാണ് സ്വകാര്യ ബസുകൾ. ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശപ്രകാരം സർവ്വീസ് റോഡുകളും വൺവേ ആണ്. അങ്ങനെ വന്നാൽ സ്വകാര്യ ബസുകൾ സ്റ്റാന്റിൽ നിന്നും പുറത്തിറങ്ങി താണിപ്പാടം സെന്റററിൽ പോയി തിരികെ വരേണ്ടിവരും. ഇത് അപ്രായോഗികമാണ്. അതല്ലെങ്കിൽ മുൻകാലങ്ങളിൽ ചെയ്തിരുന്നതുപോലെ ബസാർ റോഡിലൂടെ ഇരുഭാഗത്തേക്കും ബസുകൾക്ക് പോകേണ്ടിവരും. ഇപ്പോൾ തന്നെ ഗതാഗതക്കുരുക്കിൽ കിടക്കുന്ന പട്ടിക്കാട് സെന്ററിൽ ഇതും പ്രായോഗികമല്ലെന്നാണ് ബന്ധപ്പെട്ടവരുടെ അഭിപ്രായം. എന്നാൽ സ്റ്റാന്റിൽ നിന്നും ബസുകൾ പുറത്തിറങ്ങി പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലൂടെ എതിർ ദിശയിൽ സഞ്ചരിച്ച് ഹൈവേ ജങ്ഷൻ അടിപ്പാതയിലൂടെ തൃശൂർ ഭാഗത്തേക്കുള്ള സർവ്വീസ് റോഡിൽ പ്രവേശിക്കുകയാണ് നിലവിൽ ഇതിനുള്ള പരിഹാരമെന്ന് ബസ് ഉടമകൾ അഭിപ്രായപ്പെട്ടു. അപ്പോഴും 200 മീറ്ററോളം സർവ്വീസ് റോഡിലൂടെ എതിൽ ദിശയിൽ സഞ്ചരിക്കേണ്ടതായി വരും. എതിർ ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് സംഭവിക്കുന്ന അപടകങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ ഉത്തരവാദികളല്ല എന്നതാണ് അവരുടെ നിയമം. ഇതുമൂലം എന്തുചെയ്യണം എന്നറിയാത്ത പ്രതിസന്ധിയിലായി ബസ് ഉടമകൾ. മുൻകൂട്ടി ഇതിനൊരു പദ്ധതി തയ്യാറാക്കാൻ പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർ തയ്യാറായില്ല എന്നതാണ് ഇതിലെ പ്രധാന വീഴ്ച. സാധാരണ ജനങ്ങളുടെ യാത്രാസൗകര്യങ്ങൾ പോലും പരിഗണിക്കാതെയാണ് നിർമ്മാണ പദ്ധതികൾ ആസുത്രണം ചെയ്തിട്ടുള്ളത്. ബന്ധപ്പെട്ട അധികൃതരും നിയമപാലകരും കൂടിയാലോചിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു.



0 Comments