പട്ടിലുംകുഴി മൈലാട്ടുംപാറ പാലം: ടൂറിസം വികസനത്തിന് അനന്ത സാധ്യത എന്ന് മന്ത്രി മുഹമ്മദ് റിയാസ്


പീച്ചി. പട്ടിലുംകുഴി മൈലാട്ടുംപാറ പാലം യാഥാർത്ഥ്യമായത് പീച്ചിയുടെ വിനോദസഞ്ചാര വികസനത്തിന് കുതിപ്പ് പകരുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്നലെ പാലത്തിന്റെ  ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 'പട്ടിലുംകുഴി മയിലാട്ടുംപാറ പാലം' എന്ന നാമകരണത്തോടെയാണ് മന്ത്രി പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ റവന്യൂ, ഭവന നിർമ്മാണ വകുപ്പുമന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ടൂറിസം സാധ്യത കണക്കിലെടുത്ത് നാഷണൽ ഹൈവേയുമായി പാലം ബന്ധിപ്പിക്കുന്നതിനായി  പാണഞ്ചേരി പഞ്ചായത്തിന്റെ അധീനതയിലുള്ള പൂളച്ചുവട് മുതൽ കട്ടച്ചിറക്കുന്ന പൈപ്പ് ലൈൻ വരെയുള്ള 866 മീറ്റർ റോഡും 


പട്ടിലാംകുഴി മുതൽ പീച്ചി ഡാം റോഡ് വരെയുള്ള 1118 മീറ്റർ റോഡും പിഡബ്ല്യൂഡി പ്രവർത്തിക്കായി ഉപയോഗിക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന് വേണ്ടി സൗജന്യമായി സ്ഥലം വിട്ടുകൊടുത്ത പുത്തൻ വീട്ടിൽ ശ്യാമള, ശ്രീദേവി, ശോഭന, കൃഷ്ണകുമാർ, കുന്നത്ത് പറമ്പിൽ ത്രേസ്യാമ്മ എന്നിവരെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ആദരിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദൻ, വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, ജില്ല പഞ്ചായത്തംഗം കെ.വി സജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ രമേഷ്, രമ്യാ രാജേഷ്, പാണഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി ജലജൻ, കെ.വി അനിത, സുബൈദ അബൂബക്കർ, പൊതുമരാമത്ത് പാലം സൂപ്രണ്ടിംഗ് എൻജിനീയർ പി.കെ മിനി, വാർഡ് മെമ്പർമാരായ സ്വപ്ന രാധാകൃഷ്ണൻ, രേഷ്മ സജീഷ്,  ആരിഫ റാഫി, അജിത മോഹൻദാസ്, പി.എ ദീപു, എം.ജെ അനീഷ്, റെജീന ബാബു, ബീന പൗലോസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments