പള്ളിക്കണ്ടം ബസ് സ്റ്റോപ്പിൽ വയോധികയുടെ മാല മോഷ്ടിക്കാൻ ശ്രമം


പട്ടിക്കാട്. പള്ളിക്കണ്ടം ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിന്ന വയോധികയുടെ മാല മോഷ്ടിക്കാൻ ശ്രമം നടന്നു. ചാലാംപാടം മേലേത്ത് വർഗ്ഗീസിന്റെ ഭാര്യ സിസിലി (68) യുടെ ആറ് പവനോളം വരുന്ന മാലയാണ് ബൈക്കിലെത്തിയ യുവാക്കൾ മോഷ്ടിക്കാൻ ശ്രമം നടത്തിയത്. ഇന്ന് ഉച്ചക്ക് 2.35 ന് ആയിരുന്നു സംഭവം. കണ്ണാറ ഭാഗത്തേക്ക് ബസ് കാത്ത് നിൽക്കുകയായിരുന്നു സിസിലി. ബൈക്കിൽ എത്തിയ യുവാക്കൾ സിസിലിയുടെ അടുത്തെത്തി മാരായ്ക്കൽ ഭാഗത്തേക്കുള്ള വഴി ചോദിക്കുകയും വഴി പറഞ്ഞുകൊടുക്കാൻ ഇവർ ശ്രമിക്കുന്നതിനിടെ യുവാക്കൾ കഴുത്തിൽ കിടന്ന മാലയിൽ പിടുത്തമിടുകയുമായിരുന്നു. യുവാക്കളുമായി സിസിലി മൽപ്പിടുത്തം നടത്തുന്നതിനിടെ സമീപത്തെ വ്യാപര സ്ഥാപനങ്ങളിൽ നിന്നും ആളുകൾ ഓടിക്കൂടിയതോടെ ഇവർ രക്ഷപെടുകയായിരുന്നു. ഇതിനിടെ സിസിലി താഴെ വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു. മാല നഷ്ടപ്പെട്ടിട്ടില്ല. വാരിയത്ത്പടി ഭാഗത്തേക്ക് പോയ യുവാക്കൾ പൈപ്പ് ലൈനിലൂടെ മുടിക്കോട് ഭാഗത്തേക്ക് തിരിഞ്ഞതായാണ് അറിവ്. ബൈക്കിന്റെ നമ്പർ പ്ലേറ്റുകൾ വളച്ചുവെച്ച നിലയിൽ ആയിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാവി നിറത്തിലുള്ള മുണ്ടും നീല ഷർട്ടുമാണ് ബൈക്കിന് പുറകിൽ ഇരുന്നയാൾ ധരിച്ചിരുന്നത്. ബസ് സ്‌റ്റോപ്പിന് എതിർവശത്ത് വർക്ക് ഷോപ്പിലും മറ്റ് സ്ഥാപനങ്ങളിലും ഉള്ള ആളുകൾ നോക്കി നിൽക്കെയാണ് മാല മോഷ്ടിക്കാൻ ശ്രമം നടത്തിയത്. പീച്ചി എഎസ്‌ഐ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നു.



Post a Comment

0 Comments