മണ്ണുത്തി. വരും തലമുറയ്ക്ക് വേണ്ടത് കരുതിവെക്കാൻ തയ്യാറാകാതെ ഒരിക്കലും നടക്കാത്ത കെ റെയിൽ പോലുള്ള പദ്ധതിക്ക് പിന്നാലെ സർക്കാർ പോകുന്നത് അഴിമതി മുന്നിൽ കണ്ടാണെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.സി അഭിലാഷ് പറഞ്ഞു. വെറ്ററിനറി സർവകലാശാലക്ക് ആവശ്യത്തിന് ഗ്രാൻഡ് നൽകാത്തതു കൊണ്ട് 50 കോടി രൂപയ്ക്ക് മുകളിൽ ബാധ്യതയിലാണ് നിലവിലെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ മണ്ണുത്തി വെറ്ററിനറി കോളേജിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിലാഷ്. കേരള വെറ്ററിനറി സർവകലാശാലയിൽ ഏപ്രിൽ പതിനൊന്നാം തീയതി ആയിട്ടും ജീവനക്കാർക്കും അധ്യാപകർക്കും മുൻ സാമ്പത്തിക വർഷത്തെ ശമ്പളം നൽകാത്ത നടപടിയെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ബിനു ചാണ്ടി അധ്യക്ഷത വഹിച്ചു. ഡോക്ടർ സാബിൻ ജോർജ് മുഖ്യാതിഥിയായിരുന്നു. എംപ്ലോയീസ് യൂണിയൻ ഭാരവാഹികളായ അനിൽ, സുരേഷ് കുമാർ, പ്രിയ, കൃഷ്ണദാസ്, വിനു സോളമൻ, ശ്രീജിത്ത് കെ ബാലൻ, ശ്യാംകുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.


0 Comments