മണ്ണുത്തി. ഇന്ദിരാ നഗറിൽ ആരംഭിക്കുന്ന വൈലോപ്പിള്ളി പുലരി ഗ്രന്ഥശാല സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്യും. മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പുസ്തക ശേഖരവും അദ്ദേഹത്തിന്റെ മുഴുവൻ കൃതികളും മണ്ണുത്തിയിലെ പുലരി ഗ്രന്ഥശാലയ്ക്ക് കവിയുടെ കുടുംബം കൈമാറിയിരുന്നു. വൈലോപ്പിള്ളി കവിതകളെ കുറിച്ചുള്ള പഠന ഗ്രന്ഥങ്ങളും കവിതകളുടെ ഓഡിയോ വീഡിയോ ആവിഷ്കാരങ്ങളും ഗ്രന്ഥശാലയിൽ ഉണ്ടാകും. വൈലോപ്പിള്ളിയുടെ കുടുംബവുമായി തനിക്കുണ്ടായിരുന്ന ബന്ധമാണ് അദ്ദേഹത്തിന്റെ പുസ്തകശേഖരം പുലരിക്ക് ലഭിക്കാൻ വഴിയൊരുക്കിയത് എന്ന് പ്രശസ്ത ബാലസാഹിത്യകാരനും പുലരി ചിൽഡ്രൻസ് വേൾഡ് സെക്രട്ടറിയുമായ സി.ആർ ദാസ് പറഞ്ഞു. ഏപ്രിൽ 24 ഞായറാഴ്ച കാലത്ത് 11 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിന്
മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ പ്രസിഡണ്ടും എംഎൽഎയുമായ മുരളി പെരുനെല്ലി, വൈലോപ്പിള്ളി ശ്രീധരമേനോന്റെ കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുക്കുമെന്ന് സി.ആർ ദാസ് പറഞ്ഞു.


0 Comments