പീച്ചി. ഗവ. ഫിഷ് സീഡ് ഹാച്ചറിയിലെ ലേബർ തൊഴിലാളികളുടെ നിയമനത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിനെതിരെ സമര പരിപാടികൾ മാത്രമല്ല നിയമ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. പീച്ചിയിലെ ഫിഷറീസ് ഹാച്ചറി ഓഫീസിനു മുന്നിൽ ബിജെപി പീച്ചി ഏരിയ നടത്തുന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണവും പ്രതാപവും സ്വീധീനവും ഉള്ളവർക്ക് സർക്കാർ ജോലി ലഭിക്കുന്ന അവസ്ഥയിലേക്ക് നിലവിൽ കേരള സർക്കാർ മാറിയിരിക്കുകയാണെന്നും, പീച്ചി ഹാച്ചറിയിലും ഇതുതന്നെയാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കൈക്കൂലി വാങ്ങി സിപിഎമ്മിന്റെ ആളുകളെ പിൻവാതിലിലൂടെ നിയമിക്കുന്നതിനുള്ള ശ്രമം അവസാനിപ്പിക്കുക, അർഹതയില്ലാത്തവരെ നിയമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആയിരുന്നു സമരം. പീച്ചി ഏരിയ പ്രസിഡണ്ട് സുഭാഷ് അധ്യക്ഷത വഹിച്ചു. കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് എൻഎച്ച്, മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ പൂശ്ശേരി, മണ്ഡലം സെക്രട്ടറി സുബീഷ് ഇന്ദ്രവജ്ര, ഏരിയ ജനറൽ സെക്രട്ടറി നിതിൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ഗിരീഷ്, മോർച്ച ഭാരവാഹികളായ നിഖിൽ, വിനിത ദിലീപ് എന്നിവർ പങ്കെടുത്തു.


0 Comments