പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ വഴക്കുംപാറ തോണിക്കൽ പ്രദേശത്ത് താമസിക്കുന്ന വിധവയും കാൻസർ രോഗിയും വൃദ്ധയുമായ പാറയ്ക്കതൈ അമ്മണിക്കാണ് സ്വന്തമായി വീട് ലഭിച്ചത്. ലയൺസ് ക്ലബ് ഇൻറർനാഷണൽ ഡിസ്ട്രിക്റ്റ് ത്രീ വൺ എയ്റ്റ് ഡി യുടെ ഹോം ഫോർ ഹോം ലെസ് എന്ന പദ്ധതി പ്രകാരം പാണഞ്ചേരി ലയൺസ് ക്ലബ്ബാണ് വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് പി.പി രവീന്ദ്രൻ നിർവ്വഹിച്ചു. വീടിന്റെ പണികൾ ആരംഭിച്ചെങ്കിലും പൂർത്തീകരിക്കാൻ സാധിക്കാതെ വർഷങ്ങളായി ദുരിതമനുഭവിക്കുകയായിരുന്നു അമ്മിണിയും കൊച്ചുമക്കളും. ഇവരുടെ ദുരവസ്ഥ പഞ്ചായത്ത് അംഗം കെ പി ചാക്കോച്ചൻ വിവിധ സംഘടനകളുടെ ശ്രദ്ധയിൽപ്പെടുത്തുകയും സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയും ചാക്കോച്ചനും ചേർന്ന് പാണഞ്ചേരി ലയൺസ് ക്ലബ്ബിന്റെ സഹായം ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്നാണ് അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് ലയൺസ് ക്ലബ് അംഗങ്ങൾ ഷീറ്റ് മേഞ്ഞു അടച്ചുറപ്പുള്ള വീട് നിർമ്മിച്ച് നൽകിയത്. ലയൺസ് ക്ലബ് പ്രസിഡൻറ് ഫിലോമിന മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയുക്ത ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടോണി ഏനോക്കാരൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. വീടിനു നിർമ്മാണത്തിനായി പണം ചെലവഴിച്ച മാത്യു കുഴിക്കാട്ടുമാലിനെ നിയുക്ത സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില പൊന്നാട അണിയിച്ചു ആദരിച്ചു. വൈദ്യുതി ലഭിക്കാത്ത വീടിന് സോളാർ പാനൽ സ്ഥാപിച്ചു വൈദ്യുതി നൽകാമെന്ന് ചടങ്ങിൽവച്ച് ജെയിംസ് വളപ്പില അറിയിച്ചു. റീജിയൻ ചെയർമാൻ പ്രിജു ആൻറണി, സോണൽ ചെയർമാൻ എം.വി നെൽസൺ, എന്നിവർ ചേർന്ന് വീടു നിർമാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനിയർ പിഎസ് ഷാജിയെ പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് അംഗം കെ പി ചാക്കോച്ചൻ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ലയൺസ് ക്യാബിനറ്റ് സെക്രട്ടറി ആന്റോ വി മാത്യൂ, ക്ലബ്ബ് സെക്രട്ടറി ഷീജ ഷാജി, ട്രഷറർ രാജി ജോയ്, സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി മേധാവി അബ്രഹാം മാസ്റ്റർ, എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments