പീച്ചിയിലെ സജിയുടെ മരണം: ബിജെപി ഏകദിന ഉപവാസം സംഘടിപ്പിക്കുന്നു


പീച്ചി. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സിഐടിയു അംഗം സജിയുടെ കുടുംബത്തിന് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് മെയ് ആദ്യവാരം ബിജെപി ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. സജിയുടെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്ത് നിന്നും മാറ്റിയതുകൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരം ആകുന്നില്ലെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സജിയുടെ സംസ്‌കാരം നടന്നതിന് ശേഷം സ്ഥലം എംഎൽഎ കൂടിയായ മന്ത്രി സജിയുടെ വീട്ടിൽ എത്താതിരുന്നതിനെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പ്രദേശത്തെ ആക്ഷൻ കൗൺസിലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ബിജെപി പീച്ചി ഏരിയ പ്രസിഡണ്ട് സുഭാഷ്, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് എൻഎച്ച്, മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ പൂശ്ശേരി, മണ്ഡലം സെക്രട്ടറി സുബീഷ് ഇന്ദ്രവജ്ര, ഏരിയ ജനറൽ സെക്രട്ടറി നിതിൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ഗിരീഷ്, മോർച്ച ഭാരവാഹികളായ നിഖിൽ, വിനിത ദിലീപ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.


Post a Comment

0 Comments