പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു.
പീച്ചി. പട്ടിലുംകുഴി കട്ടച്ചിറക്കുന്ന് പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. പീച്ചിയുടെ ടൂറിസം വികസനത്തിന് പൊതുമരാമത്ത് വകുപ്പിന്റെ പൂർണ്ണ പിന്തുണ ഉറപ്പ് നൽകുകയും പീച്ചിയെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പീച്ചി ടൂറിസവുമായി ബന്ധപ്പെട്ട് അടിന്തരമായി ടൂറിസം, ഇറിഗേഷൻ വകുപ്പുകളുടെ നേതൃത്വത്തിൽ റവന്യൂ മന്ത്രിയും സ്ഥലം എംഎൽഎയുമായ കെ രാജനുമായി യോഗം ചേരുമെന്നും പൊതുമരാമത്ത് മന്ത്രി അറിയിച്ചു. റവന്യൂമന്ത്രി കെ രാജൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ വിശിഷ്ടാതിഥിയായിരുന്നു. അഡ്വ. ഷാജി. ജെ കോടങ്കണ്ടത്ത്,
മയിലാട്ടുംപാറ വാർഡ് മെമ്പർ കെ.പി. എൽദോസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ ജനകീയ സമരങ്ങളുടെയും നിയമ പോരാട്ടങ്ങളുടെയും ഫലമാണ് പട്ടിലുംകുഴി കട്ടച്ചിറക്കുന്ന് പാലം. നിയമപോരാട്ടങ്ങളിലൂടെ നേടിയെടുത്ത പാലത്തിന് നാട്ടുകാർ നൽകിയ പേരാണ് കോടതിപ്പാലം. ഡിസംബർ 28ന് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചതിന്റെ ഭാഗമായി നാട്ടുകാർ വലിയ ആഘോഷവും സംഘടിപ്പിച്ചിരുന്നു. പാലത്തിന്റെ അഞ്ച് സ്പാനുകളിലായി 125 മീറ്റർ നീളവും ഒരു വശം നടപ്പാതയും മറ്റേ വശം ക്രാഷ് ബാരിയറും ഉൾപ്പെടെ ആകെ 9.50 മീറ്റർ വീതിയുണ്ട്. പട്ടിലുംകുഴി ഭാഗത്ത് 12 മീറ്റർ വീതിയും 7.50 മീറ്റർ നീളവുമുള്ള ഒരു ബോക്‌സ് കൾവെർട്ടും ഉണ്ട്. ടൂറിസം സാധ്യത കണക്കിലെടുത്ത് നാഷണൽ ഹൈവേയുമായി പാലം ബന്ധിപ്പിക്കുന്നതിനായി പാണഞ്ചേരി പഞ്ചായത്തിന്റെ അധീനതയിലുള്ള പൂളച്ചുവട് മുതൽ കട്ടച്ചിറക്കുന്ന പൈപ്പ് ലൈൻ വരെയുള്ള 866 മീറ്റർ റോഡും പട്ടിലുംകുഴി മുതൽ പീച്ചി ഡാം റോഡ് വരെയുള്ള 1118 മീറ്റർ റോഡും പിഡബ്ല്യൂഡി പ്രവർത്തിക്കായി ഉപയോഗിക്കും. ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു, പൊതുമരാമത്ത് പാലം സൂപ്രണ്ടിംഗ് എൻജിനീയർ പി കെ മിനി, മയിലാട്ടുംപാറ വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


.jpeg)
0 Comments