പട്ടിക്കാട്. വഴുക്കുംപാറയിൽ ആറുവരിപ്പാത കുറുകെ കടക്കാൻ കാൽനടപ്പാലം വേണമെന്ന് ആവശ്യപ്പെട്ട് വഴുക്കുംപാറ എസ്എൻജി കോളേജ് അധികൃതർ റവന്യൂ മന്ത്രി കെ. രാജന് നിവേദനം നൽകി. വഴുക്കുമ്പാറയിൽ ബസ് ഇറങ്ങിയാൽ കോളേജ് വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ച് കടക്കൽ ഒരു വലിയ സുരക്ഷാ പ്രശ്‌നമായി മാറിയിരിക്കുകയാണ്. വിദ്യാർത്ഥികളും കോളേജ് സ്റ്റാഫും യാത്രചെയ്യുന്നതിന് വഴുക്കുംപാറയിലെ ബസ് സ്‌റ്റോപ്പ് ആണ് ഉപയോഗിക്കുന്നതെന്നും ഇവിടെ മേൽപ്പാലമില്ലാത്തതുമൂലം ഏതു നിമിഷവും വാഹന അപകടം പ്രതീക്ഷിക്കാം എന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയിൽ ഫ്‌ലൈ ഓവറിന്റെ പണി നടക്കുന്നതുമൂലം ഇപ്പോൾ വാഹനങ്ങൾ വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്. ഇതിന്റെ പണി കഴിയുന്നതോടു കൂടി വാഹനങ്ങൾ നല്ല വേഗതയിൽ പോകും. നാട്ടുകാർക്കും ഇവിടെ റോഡ് മുറിച്ചു കടക്കുവാൻ മറ്റു മാർഗ്ഗങ്ങളില്ല. ക്ഷീര സഹകരണ സംഘത്തിലേക്കു വരുന്ന ക്ഷീര കർഷകർക്കും, നഴ്‌സറികളിൽ ജോലി ചെയ്യുന്നവർക്കും, ഫോറസ്റ്റ് ഓഫീസ് ജീവനക്കാർക്കും, വിവിധ ചെറുകിട വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നവർക്കും കാൽനട മേൽപാലം വലിയൊരു ആശ്വാസമാകുമെന്നും മാനേജർ സി. രാധാകൃഷ്ണൻ റവന്യൂ മന്ത്രി അഡ്വ. കെ. രാജന് നൽകിയ നിവേദനത്തിൽ പറയുന്നു.


0 Comments