തൃശൂർ. ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ പുതിയ ഭവന സാങ്കേതികവിദ്യകളെ നേരിട്ട് മനസ്സിലാക്കുന്നതിനായി ദേശീയ ഭവനോദ്യാനം നിർമ്മിക്കുമെന്ന് മന്ത്രി കെ.രാജൻ. കേരള സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ (കെസ്‌നിക് ) റീജിണൽ ഓഫീസ് കെട്ടിട ശിലസ്ഥാപനവും സർക്കാർ ജനപ്രിയ പദ്ധതിയായ കലവറയുടെ (ബിൽഡിംഗ് മെറ്റീരിൽ ഫെയൽ പ്രൈസ് ഷോപ്പ്) പതിനാറാമത് യൂണിറ്റ് ശിലാസ്ഥാപനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറഞ്ഞ ചെലവിൽ നിർമിക്കാൻ കഴിയുന്ന ഭവനങ്ങളുടെ മാതൃകകളും നിർമ്മിക്കാനാവശ്യമായ പുത്തൻ സാങ്കേതികവിദ്യകളുടെ പ്രദർശങ്ങളും, ചർച്ചകളും, ഒരു ക്യാമ്പസിൽ ഒരുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്ത് ഏഴ് ഏക്കറിൽ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഭവന പാർക്കിന് പ്രാഥമികമായി രണ്ടു കോടിയുടെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെയും കെസ്‌നികിന്റെയും സഹായത്താൽ രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യന്തോൾ നിർമ്മിതി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാകലക്ടർ ഹരിത വി കുമാർ മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് റെജി. പി. ജോസഫ്, വാർഡ് കൗൺസിലർ സുനിത വിനു, സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വർഗ്ഗിസ്, സോണൽ കോർഡിനേറ്റർ പ്രൊഫ. വി.കെ ലക്ഷ്മണൻ നായർ, ഫിനാൻസ് അഡൈ്വസർ അശോക് കുമാർ എസ്, ചീഫ് ടെക്‌നിക്കൽ ഓഫീസർ ആർ ജയൻ, റീജിയണൽ എഞ്ചിനീയർ സതീദേവി എ എം എന്നിവർ പങ്കെടുത്തു.


0 Comments