പട്ടിക്കാട്. മുടിക്കോട് സെന്ററിൽ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരന്റെ പരിക്ക് ഗുരുതരമാണ്. ബൈക്ക് യാത്രക്കാരൻ കോയമ്പത്തൂർ സ്വദേശി രാഹുൽ (20), പുന്നംപറമ്പ് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ജോൺസൻ, തെക്കുംകര പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ കരുമാത്ര സ്വദേശി റഫീക്ക് എന്നിവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂർ സ്വദേശികളായ യുവാക്കൾ ചാവക്കാട് പോയി തിരികെ വരുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് ദേശീയപാത കുറുകെ കടക്കാൻ ശ്രമിച്ച ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലൂടെ വന്ന ഓട്ടോ കൂട്ടാല ഭാഗത്തേക്ക് പോകുന്നതിനായാണ് ദേശീയപാത കുറുകെ കടക്കാൻ ശ്രമിച്ചത്. ഗൃഹപ്രവേശം നടക്കുന്ന വീട്ടിലേക്കുള്ള ഡൈനിങ് ടേബിളും ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് ഡൈനിങ് ടേബിളിന്റെ ഗ്ലാസ് തകർന്ന് ഹൈവേയിൽ ചിതറിയെങ്കിലും വലിയ ദുരന്തമാണ് ഒഴിവായത്. സ്ഥലത്തെത്തിയ പീച്ചി പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വളരെ നേരത്തെ ശ്രമഫലമായാണ് ഗ്ലാസ് കഷണങ്ങൾ ഹൈവേയിൽ നിന്നും നീക്കം ചെയ്തത്. അപകടത്തെ തുടർന്ന് മുടിക്കോട് ജങ്ഷനിൽ എത്തിയ നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് ദേശീയപാത അതോറിറ്റിക്കെതിരെ ഉയർത്തിയത്. ദിവസവും ഒന്നും രണ്ടും അപകടങ്ങൾ വീതമാണ് ഇവിടെ സംഭവിക്കുന്നതെന്നും നിരവധി ആളുകളുടെ ജീവൻ പൊലിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. ഈ അവസ്ഥ തുടർന്നാൽ ശക്തമായ പ്രതിഷേധവുമായി ജനങ്ങൾ മുന്നിട്ടിറങ്ങുമെന്നും അവർ പറഞ്ഞു.


0 Comments