കൂട്ടിമുട്ടിക്കാത്ത കാനകൾ; ദേശീയപാതയിൽ വെള്ളക്കെട്ട് രൂക്ഷമാകും


പട്ടിക്കാട്. ദേശീയപാതയോരത്തെ പല കാനകളും പരസ്പരം കൂട്ടിമുട്ടിക്കാത്ത നിലയിലാണ് നിർമ്മാണം നടത്തിയിട്ടുള്ളത്. മഴവെള്ളം റോഡിൽ നിന്നും കാനയിലേക്ക് ഒഴുകാൻ പലയിടത്തും വഴിയില്ല. ഇനി കാനയിലേക്ക് വെള്ളം ഒഴുകിയെത്തിയാലും അവിടെ നിന്നും പുറത്തേക്ക് പോകില്ല. ചെമ്പൂത്ര ഭാരത് പെട്രോൾ പമ്പിന് സമീപം സർവ്വീസ് റോഡിനോട് ചേർന്ന് കാനകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും റോഡുള്ള ഭാഗം ഒഴിവാക്കിയാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. വ്യക്തമായ പ്ലാനിങ് ഇല്ലാത്ത അശാസ്ത്രീയ നിർമ്മാണമാണ് ഇതിനെല്ലാം കാരണം. ആറാംകല്ലിൽ കാനകൾ പണിത് ഇറിഗേഷൻ വകുപ്പിന്റെ കനാലിലേക്ക് എത്തിച്ചത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അതുപോലെ പലസ്ഥലങ്ങളിലും കാനകൾ എവിടെ അവസാനിപ്പിക്കണം എന്ന് അറിയാത്ത അവസ്ഥയിലാണ് ദേശീയപാത അതോറിറ്റി. അതുകൊണ്ടു തന്നെ ശക്തമായ മഴ ആരംഭിക്കുന്നതോടെ ജനവാസ മേഖലയുൾപ്പെടെ വെള്ളക്കെട്ടിലാകും. ആറുവരിപ്പാത നിർമ്മാണത്തോടെ പഴയ ദേശീയപാതയ്ക്ക് അടിയിലൂടെ ഉണ്ടായിരുന്ന പല കാനകളും വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത നിലയിലായി. പാണഞ്ചേരി ചെമ്പൂത്ര പ്രദേശങ്ങളിലുള്ളവർ വെള്ളക്കെട്ടിന്റെ ദുരതം ഏറെ അനുഭവിക്കുന്നവരാണ്. പലതവണ പരാതികൾ നൽകിയിട്ടും മാധ്യമങ്ങളിൽ വാർത്തകൾ വന്നിട്ടും അധികൃതർ നടപടികൾ എടുത്തിട്ടില്ല. അതുകൊണ്ട് അടുത്ത മഴക്കാലത്തിന് മുൻപ് ദേശീയപാതക്ക് ഇരുവശങ്ങളിലുമുള്ള കാനകൾ കൃത്യമായി പരിശോധിച്ച് പഞ്ചായത്ത് അധികൃതർ ഈ വിഷയത്തിൽ കർശന നടപടികൾ എടുക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments