മണിയൻകിണറിൽ വീടിന് നേരെ കാട്ടാന ആക്രമണം


പട്ടിക്കാട്. മണിയൻകിണർ ആദിവാസി കോളനിയിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. കുന്നംപറമ്പിൽ തങ്കയുടെ വീടാണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ഒറ്റയാൻ ആക്രമിച്ചത്. വീടിനോട് ചേർന്ന ആട്ടിൻകൂടും വിറകുപുരയും പൂർണ്ണമായും തകർന്നു. തങ്കയും കൊച്ചുമകളും മാത്രമാണ് മിക്കതും വീട്ടിൽ ഉണ്ടാകാറുള്ളത്. ഇന്നലെയും ഇവർ തനിച്ചായിരുന്നു. ആവശ്യത്തിന് വെള്ളവും വെളിച്ചവും ഇല്ലാത്ത സാഹചര്യത്തിലാണ് ഇവർ ജീവിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതായി തങ്ക പറയുന്നു. റബ്ബർ മരങ്ങളും തെങ്ങും പ്ലാവും നശിപ്പിക്കുന്നത് പതിവാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പലതവണ പരാതി നൽകിയെങ്കിലും പരിഹരമുണ്ടായില്ലെന്നും തങ്ക പറയുന്നു. കാട്ടാന ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങളുടെ ജീവന് സുരക്ഷ നൽകാൻ വനംവകുപ്പ് തയ്യാറാകണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ പറഞ്ഞു. വാണിയമ്പാറ ബൂത്ത് പ്രസിഡൻറ് ഇബ്രാഹിം എം.എം, യൂത്ത് കോൺഗ്രസ് നേതാക്കളായ സനൂപ്, ബിനു എന്നിവരും തങ്കയുടെ വീട് സന്ദർശിച്ചു.



Post a Comment

0 Comments