പട്ടിക്കാട്. തെക്കുംപാടം സെന്ററിൽ തെരുവ് വിളക്കുകൾ പലതും കത്തുന്നില്ലെന്ന് പരാതി. പാൽ സൊസൈറ്റിയോട് ചേർന്നുള്ള വളവും പരിസരവും മാസങ്ങളായി ഇരുട്ടിലാണ്. സൊസൈറ്റിയിലേക്ക് പാൽ അളക്കാൻ അതിരാവിലെ എത്തുന്നവർ ഇരുട്ടിൽ തപ്പിയാണ് ഇവിടെ എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ജൽജീവൻ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയും കഴിഞ്ഞ ദിവസമാണ് മൂടിയത്. തെരുവ് വിളക്കുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇടവിട്ട് ചില സ്ഥലങ്ങളിൽ ലൈറ്റുകൾ കത്തുന്നുണ്ടെങ്കിലും രാത്രിയിൽ ഏറെ ബുദ്ധിമുട്ടിയാണ് ജനങ്ങൾ ഇതുവഴി കടന്നു പോകുന്നത്. ഇഴജന്തുക്കളുടെ ശല്യവും പ്രദേശത്തുണ്ട്. നാട്ടിലെ ജനങ്ങളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ അധികൃതർ എത്രയും വേഗം സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments