ജീവനെടുക്കുന്ന ദേശീയപാത; യാത്രചെയ്യാൻ ഭയമെന്ന് പ്രദേശവാസികൾ


പട്ടിക്കാട്. മുടിക്കോട് ജങ്ഷൻ പതിവായി അപകടങ്ങൾക്കും അപകട മരണങ്ങൾക്കും സാക്ഷ്യം വഹിക്കുകയാണ്. തികച്ചും അശാസ്ത്രീയ നിർമ്മാണങ്ങളും ഗതാഗത നിയന്ത്രണവുമാണ് പ്രദേശത്തെ അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാതയിലെ ഒന്നാം ട്രാക്കിൽ നിന്നും യു ടേൺ അനുവദിക്കുന്നതാണ് ഇതിൽ ഏറെ അപകടം. മറ്റു ട്രാക്കുകളിലെ വാഹനങ്ങളെ മറികടന്നു വരുന്ന ഒന്നാം ട്രാക്കിലെ വാഹനങ്ങൾക്ക് ഇതേ പാതയിൽ യു ടേൺ കാത്ത് കിടക്കുന്ന വാഹനങ്ങൾ ശ്രദ്ധിയിൽപ്പെട്ടെന്ന് വരില്ല. അത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും. ഇത്തരം സാഹചര്യങ്ങളിൽ ഒന്നാം ട്രാക്കിൽ നിന്നും വലത്തോട്ട് മറ്റോരു ട്രാക്കിലേക്ക് വാഹനങ്ങളെ പ്രവേശിപ്പിച്ചാണ് യു ടേൺ 

അനുവദിക്കുക. എന്നാൽ ആറുവരിപ്പാതയിൽ എവിടെയും ഇത്തരം സംവിധാനങ്ങൾ അധികൃതർ ഒരുക്കിയിട്ടില്ല എന്നത് തികച്ചും അശാസ്ത്രീയമാണ്. മുടിക്കോട് സെന്ററിലെ യു ടേണിൽ കുടുതൽ വീതി അനുവദിച്ചിരിക്കുന്നതാണ് മറ്റൊരു അശാസ്ത്രീയത. കൃത്യമായ മാർഗ്ഗരേഖയില്ലാതെ വാഹനങ്ങൾ തലങ്ങും വിലങ്ങും ദേശീയപാത മറികടക്കുന്ന കാഴ്ചയും ഇവിടെ പതിവാണ്. തൃശൂർ ഭാഗത്ത് നിന്നും ആറുവരിപാതയിലൂടെ വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് ഇത് ശ്രദ്ധയിൽ പെടുകയുമില്ല. ഇതോടെ വലിയ അപകടങ്ങൾ സംഭവിക്കുകയും ചെയ്യും. ഇതിനൊരു ശാശ്വത പരിഹാരമാണ് പ്രദേശത്തെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്. വാഹനങ്ങളുമായി ദേശീയപാതയിൽ പ്രവേശിക്കാൻ ഭയപ്പെടുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് സർക്കാരും നിയമപാലകരും ദേശീയപാത അധികൃതരും. പരസ്പരം പഴിചാരി ദിവസങ്ങൾ മുന്നോട്ട് നീക്കുകയല്ലാതെ ജനങ്ങളുടെ ജീവനും സുരക്ഷക്കും വേണ്ട നടപടികൾ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നുമില്ല. അപകടമരണങ്ങൾ തുടർക്കഥ ആകരുതേ എന്ന പ്രാർത്ഥനയിലാണ് ഇപ്പോൾ പ്രദേശവാസികൾ.



Post a Comment

0 Comments