മുടിക്കോട് ജങ്ഷനിൽ മേൽപ്പാലം നിർമ്മിക്കണം: മന്ത്രിക്ക് നിവേദനം നൽകി.


പട്ടിക്കാട്. മുടിക്കോട് ജങ്ഷനിൽ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട്  പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുടിക്കോട് വാർഡ് വികസന സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകി. ടൂറിസം വികസനത്തെ മുൻ നിർത്തി പ്രഖ്യാപിച്ച പീച്ചി വാഴാനി ടൂറിസം കോറിഡോർ വികസന പദ്ധതി ഉടൻ നടപ്പിലാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ദേശീയ പാതയിൽ മുടിക്കോട് ജങ്ഷനിൽ വാഹനാപകടങ്ങളും മരണങ്ങളും തുടർക്കഥയാവുകയാണ്. ദിനംപ്രതി എന്നോണമാണ് അപകടങ്ങൾ. ആറുവരി പാതയിൽ ഏറ്റവും കൂടുതൽ കാൽനട യാത്രക്കാരും ചെറുവാഹനങ്ങളും ദേശീയപാത കുറുകെ കടക്കുന്ന ജങ്ഷനാണ് മുടിക്കോട്. പീച്ചി വാഴാനി ടൂറിസം 


കോറിഡോർ, പീച്ചി, വാഴാനി ഡാമുകൾ  പുത്തൂർ മൃഗശാല എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതകൾ കേന്ദ്രീകരിക്കുന്ന ജങ്ഷൻ കൂടിയാണിത്.  മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലേക്ക് ദേശീയപാതയിൽ നിന്നുള്ള എളുപ്പ മാർഗ്ഗവും മുടിക്കോട് നിന്നാണ് തുടങ്ങുന്നത്. ഏറെക്കാലം നടത്തിയ ജനകീയ സമരങ്ങളെ തുടർന്ന് ഇവിടെ അടിപ്പാത അനുവദിച്ചതായി ഹൈവേ അതോറിറ്റി അറിയിക്കുകയും ചെയ്തതാണ് . എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. ഈ ഭാഗത്ത് ദേശീയ പാതയുടെ പണികൾ പൂർത്തിയായതോടെ വലിയ അപകട മേഖലയായി ഇവിടം മാറി. നിലവിൽ പട്ടിക്കാടിനും തോട്ടപ്പടിക്കുമിടയിൽ ദേശീയ പാത കുറുകെ കടക്കണമെങ്കിൽ സുരക്ഷിത മാർഗ്ഗങ്ങളില്ല. ഭൂരിഭാഗം പണികളും പൂർത്തിയാക്കി കരാർ കമ്പനി ടോൾപിരിവ് തുടങ്ങിയ സാഹചര്യത്തിൽ എത്രയും വേഗം മുടിക്കോട് മേൽപാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പീച്ചിയിൽ മയിലാട്ടുംപാറ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയ അവസരത്തിലാണ് മന്ത്രി മുഹമ്മദ് റിയാസിന് മുടിക്കോട് വാർഡ് വികസന സമിതി നിവേദനം നൽകിയത്. വാർഡ് മെമ്പർ ആരിഫ റാഫി, വാർഡ് കൺവീനർ ശിവപ്രശോഭ്, കെ.ഡി ശശി, കെ.കെ സുമേഷ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.


Post a Comment

0 Comments