കൗതുക കാഴ്ചയായി പട്ടിക്കാട് ടാക്‌സി സ്റ്റാന്റിലെ 'ആത്മാവ്'


പട്ടിക്കാട്. നാട്ടുകാർക്ക് കൗതുക കാഴ്ചയാവുകയാണ് പട്ടിക്കാട് ടാക്‌സി സ്റ്റാന്റിലെ 'ആത്മാവ്'. കഴിഞ്ഞ പത്ത് വർഷമായി ടാക്‌സി സ്റ്റാന്റിലെ ആൽമരവും അതിനോട് ചേർന്ന് വളർന്നു വരുന്ന മാവുമാണ് ഇപ്പോൾ ഇവിടുത്തെ ഡ്രൈവർമാർക്കിടയിൽ ആത്മാവായി അറിയപ്പെടുന്നത്. എന്നാൽ ഈവർഷം മുതൽ മാവ് പൂത്ത് മാങ്ങ ഉണ്ടാകാൻ തുടങ്ങിയതോടെ നാട്ടുകാർക്കും ഇത് ഏറെ കൗതുകകരമായ കാഴ്ചയായി മാറുകയായിരുന്നു. പട്ടിക്കാട് ടാക്‌സി സ്റ്റാന്റിലെ സീനിയർ ഡൈവർമാരായ വിത്സൻ, സദാനന്ദൻ എന്നിവരാണ് ഈ ആത്മാവിന് പിന്നിൽ. ആദ്യം ഇവിടെ വളർന്ന് വന്നത് ആൽമരം ആയിരുന്നു. പിന്നീട് ആൽമരത്തിന് സമീപം മുളച്ചു വരുന്ന മാവിൻ തൈ ശ്രദ്ധയിൽപ്പെട്ട ഇവർ അൽപ്പം മണ്ണെടുത്ത് കുഴച്ച് മാവൻ തൈ അതിലാക്കി ആൽമരത്തിന് ചുവട്ടിലെ ദ്വാരത്തിൽ വെക്കുകയായിരുന്നു. പ്രതീക്ഷകൾ ഒന്നുമില്ലാതെ നാളുകൾ പിന്നിട്ടു. എന്നാൽ പിന്നീട് അവർ മനസിലാക്കി മാവിൻ തൈ ആൽമരത്തോട് ചേർന്ന് വളരാൻ തുടങ്ങുകയാണെന്ന്. ഇപ്പോൽ പത്ത് വർഷങ്ങൾക്ക് ശേഷം മാവിൽ മാങ്ങയും ഉണ്ടായി. തൃശൂർ ജില്ലയിൽ വാടാനപ്പിള്ളി ഭാഗത്തായി ഇത്തരത്തിൽ ആൽമരവും മാവും ചേർന്ന് നിൽക്കുന്ന കാഴ്ച കണ്ടിട്ടുള്ളതായി ഡ്രൈവർമാർ പറഞ്ഞു. ആ സ്ഥലത്തിന്റെ പേര് ആത്മാവ് എന്നാണെന്നും അവർ ഓർക്കുന്നു. പാണഞ്ചേരി പഞ്ചായത്തിൽ മറ്റെവിടെയെങ്കിലും ഇത്തരം ഒരു കാഴ്ച ഉള്ളതായി അറിവില്ല. എന്നാൽ തങ്ങൾ നട്ടുവളർത്തിയ ഈ വൃക്ഷങ്ങളെ ആത്മാവ് എന്ന പേരിൽ അറിയപ്പെടണം എന്നതാണ് ഇവരുടെ ആഗ്രഹം.


Post a Comment

0 Comments