പന്നിയങ്കരയിലെ ടോൾ നിരക്ക് കുത്തനെ ഉയർത്തി; നാളെ തൃശൂർ പാലക്കാട് റൂട്ടിൽ ബസുകൾ ഓടില്ല


പട്ടിക്കാട്. പന്നിയങ്കര ടോൾ പ്ലാസയിൽ ഈടാക്കുന്ന അമിത ടോൾ നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ നാളെ പണിമുടക്കും. തൃശൂർ - പാലക്കാട്, കൊഴിഞ്ഞാമ്പാറ, ഗോവിന്ദാപുരം റൂട്ടിൽ ഓടുന്ന ബസുകളാണ് പണിമുടക്കുന്നത്. നിലവിലെ നിരക്ക് അനുസരിച്ച് ഒരു ട്രിപ്പ് പോയി വരുന്നതിന് 575 രൂപയാണ് ഈടാക്കുക. രണ്ട് ട്രിപ്പ് ഓടുന്ന ബസുകൾ 1150 രൂപയും മൂന്ന് ട്രിപ്പ് ഓടുന്ന ബസുകൾ 1600 രൂപയുമാണ് നൽകേണ്ടത്. പ്രതിമാസം 40000 രൂപക്ക് മുകളിൽ ടോൾ മാത്രമായി നൽകേണ്ടിവരും. മാർച്ച് 31 വരെ ഇത് ഒരു ട്രിപ്പിന് 425 രൂപ ആയിരുന്നു. ഏപ്രിൽ ഒന്ന് മുതൽ ടോൾ നിരക്ക് വീണ്ടും ഉയർത്തുകയായിരുന്നു. ഇത്തരത്തിൽ ഉയർന്ന ടോൾ നൽകി ബസുകൾ ഓടിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് ബസ് ഉടമകൾ. ഡീസൽ വില ഉയർന്നതോടെ ബസുകൾ ഓടി മിച്ചം വെക്കുന്ന തുക പലപ്പോഴും ജോലിക്കാരുടെ ശമ്പളത്തിന് പോലും തികയാറില്ല.  അങ്ങനെയുള്ള സാഹചര്യത്തിൽ ടോൾ നിരക്ക് കൂടി കൊടുക്കേണ്ടി വന്നതോടെ കടുത്ത സാമ്പത്തിക നഷ്ടത്തിലാണ് ബസുകൾ ഓടിക്കേണ്ടി വരുന്നതെന്നാണ് ബസ് ഉടമകൾ പറയുന്നത്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു


Post a Comment

0 Comments