ചാലാംപാടം. ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടും കൂട്ടാല ചാലാംപാടം ശ്രീധരി പാലത്തിന്റെ നിർമ്മാണം നടത്താത്തതിൽ പ്രതിഷേധിച്ച് വലക്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. 2022 ഏപ്രിൽ മാസത്തിൽ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രി കെ രാജൻ വാക്കു നൽകിയതാണെന്നും വാക്കു പാലിക്കാതെ ജനങ്ങളെ അദ്ദേഹം വഞ്ചിക്കുകയാണെന്നും ജോസ് വള്ളൂർ കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് ജേക്കബ് പോൾ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന് 2014-2015 കാലഘട്ടത്തിൽ എംഎൽഎ ആയിരുന്ന എം.പി വിൻസെന്റ് സർക്കാരിന്റെ അനുമതി നേടിയിരുന്നു എന്നും 2016-17 ൽ ടെണ്ടർ നടപടികൾ പൂർത്തിയായതാണെന്നും അഭിലാഷ് പറഞ്ഞു. എന്നാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ പാലം പൊളിച്ചപ്പോൾ പുതിയ പാലത്തിനായി ഒരു ഭിത്തി പോലും നിർമ്മിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും അഭിലാഷ് ആരോപിച്ചു. ജില്ല കോൺഗ്രസ് നേതാക്കളായ വിൻസെന്റ് കാട്ടൂക്കാരൻ, എം.എൽ ബേബി, ടി.എം രാജീവ്, കോൺഗ്രസ് നടത്തറ മണ്ഡലം പ്രസിഡണ്ട് ബിന്ദു കാട്ടുങ്ങൽ, കോൺഗ്രസ് നേതാക്കളായ കെ.എൻ വിജയകുമാർ, പി.സി ജയ്‌സൺ, ടി.പി മാധവൻ, ദീപ അനീഷ്, മിനി വിനോദ്, സരിത സജീവ്, സുരേഷ് കാട്ടുങ്ങൽ, രാജേഷ് കുളങ്ങര എന്നിവർ പങ്കെടുത്തു.


0 Comments