വാണിയമ്പാറ സ്വദേശിയെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു

രാഹുലും അജിത്തും

പട്ടിക്കാട്. ദേശീയപാതയിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് വാണിയമ്പാറ സ്വദേശിയെ കുത്തി പരിക്കേൽപ്പിച്ച പ്രതികളെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. വടക്കുഞ്ചേരി മഞ്ഞപ്ര സ്വദേശി കിഴക്കേതിൽ രവീന്ദ്രൻ മകൻ അപ്പു എന്ന് വിളിക്കുന്ന രാഹുൽ (24), മുളയം വലക്കാവ് സ്വദേശി ആനക്കോട്ടിൽ ശ്രീജിത്ത് മകൻ അജിത്ത് (19) എന്നിവരാണ് അറസ്റ്റിലായത്. വാണിയമ്പാറ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോർജ്ജിനെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. പ്രതികൾ കുരങ്ങൻപാറയിൽ ഉണ്ടെന്ന് പീച്ചി സിഐ എസ് ഷുക്കൂറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പീച്ചി പോലീസ് സംഘം ഇന്നലെ രാത്രി പ്രതികളെ പിടികൂടിയത്.  മാർച്ച് 31നാണ് കേസിനാസ്പദമായ
 

സംഭവം നടന്നത്. ചുവന്നമണ്ണ് പത്താം കല്ല് ബിവറേജിൽ നിന്നും മദ്യം വാങ്ങി തൃശൂർ പാലക്കാട് ദേശീയപാതയിലൂടെ എതിർ ദിശയിൽ സഞ്ചിരക്കുകയായിരുന്നു പ്രതികൾ. ഇതേസമയം വാണിയമ്പാറയിലുള്ള വീട്ടിലേക്ക് പോവുകയായിരുന്ന ജോർജ്ജ് ഗതാഗത നിയമം ലംഘിച്ച്  ബൈക്കിൽ പോകുന്ന പ്രതികളെ നോക്കിയതാണ് ഇവരെ പ്രകോപിപ്പിച്ചത്. തിരികെ വന്ന പ്രതികൾ ജോർജ്ജിനെ കത്തികൊണ്ട് ആക്രമിക്കാൻ തുടങ്ങുകയായിരുന്നു. ആക്രമണത്തിൽ കൈയ്യിൽ ആഴത്തിലേറ്റ മുറിവിൽ ഒൻപത് സ്റ്റിച്ച് ഇട്ടിട്ടുണ്ട്. കത്തി വീശുന്നതിനിടെ ഷർട്ട് കീറി ദേഹത്തും മുറിവേറ്റു. തുർന്ന് പീച്ചി പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പീച്ചി സിഐ എസ് ഷുക്കൂറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. പീച്ചി, മണ്ണുത്തി സ്റ്റേഷൻ പരിധിയിൽ വിവിധ കേസുകളിൽ പ്രതികൾ ആണ് രണ്ടുപേരും. വടക്കുഞ്ചേരി സ്വദേശി രാഹുൽ, 2020 ൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലും 2021 ൽ തെക്കുംപാടത്ത് സ്‌കൂട്ടർ യാത്രക്കാരെ കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. രണ്ടിലും കൊലക്കുറ്റത്തിന് കേസുകൾ നിലവിലുണ്ട്. കൂടാതെ മൂന്ന് കഞ്ചാവ് കേസുകളിലും, പാലക്കാട് എക്‌സൈസ് ഓഫീസിലെ ഉപകരണങ്ങൾ അടിച്ച് തകർത്ത കേസിലും പ്രതിയാണ് ഇയാൾ. വലക്കാവ് സ്വദേശി അജിത്ത് വധശ്രമക്കേസിലും പ്രതിയാണ്. പീച്ചി പോലീസ് സബ് ഇൻസ്‌പെക്ടർമാരായ ജെ ജമേഷ്, ഹരി, പോലീസ് ഓഫീസർമാരായ അനിൽ, സജീഷ്, സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർമാരായ അനിൽ, സുനീത്, ഹോം ഗാർഡ് ഷാജു എന്നവർ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.


Post a Comment

0 Comments