കണ്ണാറ. കമ്പനിപ്പടി മുതൽ മണ്ടൻചിറ വരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളായി. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡിലെ അറ്റകുറ്റപണികൾ തീർക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പദ്ധതിയുടെ നടത്തിപ്പിനായി വെട്ടിപ്പൊളിച്ച ഭാഗങ്ങൾ കോൺക്രിറ്റിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് കരാർ വ്യവസ്ഥ ഉണ്ടെങ്കിലും വാട്ടർ അതോറിറ്റി അധികൃതർ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ്. നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടിരുന്നെന്നും റോഡിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും അവർ തിരിഞ്ഞു നോക്കിയില്ലെന്നും വാർഡ് മെമ്പർ സുശീല രാജൻ പറഞ്ഞു. റോഡ് വെട്ടിപ്പൊളിച്ചതുമൂലം യാത്രാക്ലേശം മാത്രമല്ല പൊടിശല്യവും പ്രദേശത്ത് രൂക്ഷമാണ്. മഴ പെയ്തതോടെ മണ്ണിട്ട് മൂടിയ ഭാഗങ്ങളിൽ വാഹനങ്ങൾ താഴുന്നത് മൂലം ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനും കഴിയാതായി. പഞ്ചായത്തിൽ പദ്ധതി നടപ്പാക്കിയിട്ടുള്ള സ്ഥലങ്ങളിലെല്ലാം ഇതുതന്നെയാണ് അവസ്ഥ. ഇതിനെതിരെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് അടിയന്തരമായി നടപടികൾ ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments