പട്ടിക്കാട്. 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് പാണഞ്ചേരിയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് രാവിലെ ചെമ്പൂത്ര എൻഎസ്എസ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി കൃഷി ഓഫീസർ കെ.ആർ അഭിമന്യു, കൃഷി അസിസ്റ്റന്റ് ദീപ എന്നിവർ സംസാരിച്ചു. കേരളത്തിലെ എല്ലാ കുടുബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തിൽ കൃഷി വകുപ്പിന്റ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് 'ഞങ്ങളും കൃഷിയിലേക്ക്'. ലഭ്യമായ കൃഷിയിടത്തിൽ പച്ചക്കറിയും ഫലവർഗ്ഗങ്ങളും ഉൽപ്പാദിപ്പിക്കുക, സുരക്ഷിതമായ ഭക്ഷണമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം എന്ന് മനസിലാക്കി ഓരോ കേരളീയനും കൃഷിയിലേക്ക് ഇറങ്ങുക, ആവശ്യമായ പച്ചക്കറികൾ പരമാവധി വീട്ടുവളപ്പിൽ നിന്ന് തന്നെ ഉൽപ്പാദിപ്പിക്കാൻ സാധിക്കുക എന്നതാണ് 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയിലൂടെ കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. പരിപാടിയുടെ ഭാഗമായി പങ്കെടുത്തവർക്ക് പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തി.


0 Comments