വാണിയമ്പാറ. സർവ്വീസ് റോഡിന്റെ നിർമ്മാണത്തിനായി വാണിയമ്പാറയിലെ കുളം നികത്താൻ രാത്രിയിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ ശ്രമമെന്ന് നാട്ടുകാർ. ഇതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. ആറുവരിപ്പാതയിൽ തൃശൂർ ഭാഗത്തേക്കുള്ള പാതയോട് ചേർന്നാണ് വാണിയമ്പാറ കുളം. ദേശീയപാതയുടെ വടക്ക് ഭാഗത്തായി താമസിക്കുന്ന അറുപതോളം കുടുംബങ്ങളുടെ ഏക കുടിവെള്ള സ്രോതസ്സാണിത്. സർവ്വീസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കുളത്തിന്റെ ഒരു ഭാഗം നികത്തുന്നതിന് പഞ്ചായത്ത് അധികൃതരുമായി ദേശീയപാത നിർമ്മാണ കമ്പനി ധാരണയിൽ
എത്തിയിരുന്നു. നികത്തേണ്ടി വരുന്ന ഭാഗം കല്ലുകെട്ടി സംരക്ഷിക്കുമെന്നും അത്രയും ഭാഗം എതിർവശത്തായി കുളത്തിന്റെ വീതി കൂട്ടുമെന്നും ആയിരുന്നു ധാരണ. കഴിഞ്ഞവർഷം പഞ്ചായത്ത് ഓഫീസിൽ നടന്ന ചർച്ചയിലും കഴിഞ്ഞ ആഴ്ച ദേശീയപാതയിൽ നടത്തിയ സംയുക്ത പരിശോധനയിലും ബന്ധപ്പെട്ടവരോട് നിർമാണ കമ്പനി അധികൃതർ ഇതു തന്നെയാണ് വിശദമാക്കിയതും. എന്നാൽ ഇതിന് കടകവിരുദ്ധമായി ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും കുളം മണ്ണിട്ട് നികത്താൻ ലോറികൾ എത്തുകയായിരുന്നു. ഇതോടെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ വാഹനങ്ങൾ തടഞ്ഞു. കുടിവെളള ക്ഷാമം രൂക്ഷമായ മേഖലയിലെ അറുപതോളം കുടുംബങ്ങൾ ഈ കുളത്തിൽ നിന്നും വിതരണം ചെയ്യുന്ന വെള്ളത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ധാരാളം സ്വകാര്യ കിണറുകളും പൊതുകിണറുകളും ഇവിടെ നികത്തിയിരുന്നു. നിലവിൽ പരിസരത്തെ മൂന്നു സ്വകാര്യ കിണറുകളെ ആണ് മുഴുവൻ കുടുംബങ്ങളും ആശ്രയിക്കുന്നത്. നിർമ്മാണ കമ്പനി വാഗ്ദാനം ചെയ്തതുപോലെ നികത്തുന്ന ഭാഗത്തിന് തുല്യമായി ആയി വീതി കൂട്ടുകയും കെട്ടി സംരക്ഷിക്കുകയും ചെയ്തില്ലെങ്കിൽ മുഴുവൻ ജനങ്ങളുടെയും കുടിവെള്ളം മുട്ടും. ദിവസത്തിൽ ഒരു മണിക്കൂർ മാത്രമാണ് ഇതിൽ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്നത്. കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി പുതിയൊരു പദ്ധതിയും കുളത്തിന് സമീപത്ത് ആരംഭിക്കുന്നുണ്ട്. എന്നാൽ കുളത്തിന് സംരക്ഷണ ഭിത്തി നിർമ്മിക്കാതെ മണ്ണിട്ട് നികത്തി സർവ്വീസ് റോഡ് നിർമ്മിച്ചാൽ വെള്ളം തീരെ ഇല്ലാത്ത അവസ്ഥവരും. ഭൂമിശാസ്ത്രപരമായി ഉയരമേറിയ പ്രദേശങ്ങൾ ആയതിനാലും എല്ലാ പ്രദേശങ്ങളിലേക്കും വാഹനസൗകര്യം ഇല്ലാത്തതിനാലും ടാങ്കർ ലോറികളിൽ പോലും മേഖലയിൽ കുടിവെള്ളം വിതരണം ചെയ്യാൻ കഴിയില്ല.

.jpeg)
0 Comments