പഞ്ചായത്ത് രാജ് ദിനാഘോഷം : പാണഞ്ചേരി പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു


പട്ടിക്കാട്. ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷങ്ങളുടെ ഭാഗമായി പാണഞ്ചേരി പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു. പ്രാദേശിക വികസനത്തിലും രാഷ്ട്ര പുനർ നിർമാണത്തിലും സാധാരണ പൗരനും പങ്കുവഹിക്കാനുള്ള അവകാശമാണ് പഞ്ചായത്ത് രാജ് നിയമം നൽകുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ  പറഞ്ഞു. പഞ്ചായത്ത് ഹാളിൽ ചേർന്ന പ്രത്യേക ഗ്രാമസഭയിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള പദ്ധതി മാർഗ്ഗരേഖകൾ അവതരിപ്പിച്ച് ചർച്ച ചെയ്യുന്നതിനായാണ് പ്രത്യേക ഗ്രാമസഭ ചേർന്നത്. ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യമെമ്പാടും എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭകൾ ചേരാൻ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ' ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായാണ് നിർദ്ദേശം നൽകിയത്. പഞ്ചായത്തുകൾ സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. ഊന്നൽ നൽകേണ്ട പത്തോളം വിഷയാധിഷ്ഠിത ലക്ഷ്യങ്ങൾ കേന്ദ്ര സർക്കാരും സംസ്ഥാനവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇവയിൽ അതാതു പഞ്ചായത്തുകളുടെ മുൻഗണനാ പട്ടിക തയ്യാറാക്കി ഗ്രാമസഭയിൽ അവതരിപ്പിക്കണം. ആ മുൻഗണന പട്ടികയിലെ ആദ്യത്തെ മുൻഗണനാ വിഷയം കേന്ദ്ര മന്ത്രാലയത്തിലേക്കും ജില്ലാ ആസൂത്രണ സമിതിയിലേക്കും അറിയിക്കണം. ഇങ്ങനെ നടക്കുന്ന ഗ്രാമസഭയുടെ വിവരങ്ങൾ വൈബ്രന്റ്
ഗ്രാമസഭ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. ദാരിദ്ര്യ രഹിതവും ഉയർന്ന ഉപജീവനമാർഗ്ഗവുമുള്ള ഗ്രാമം, ആരോഗ്യ ഗ്രാമം, ജല പര്യാപ്ത ഗ്രാമം എന്നിവയാണ് പാണഞ്ചേരി പഞ്ചായത്ത് മുൻഗണന നൽകിയിട്ടുള്ള വിഷയാധിഷ്ഠിത ലക്ഷ്യങ്ങൾ. പഞ്ചായത്ത് ഹാളിൽ ചേർന്ന് ഗ്രാമസഭയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി അനിത, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫ്രാൻസിന ഷാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ തുടങ്ങിയവരും പങ്കെടുത്തു.



Post a Comment

0 Comments