ചുവന്നമണ്ണ്. യേശുക്രിസ്തു വിനീതനായി ശിഷ്യരുടെ പാദങ്ങൾ കഴുകുക വഴി ദാസരുടെ ദാസനായി, ശുശ്രൂഷകരുടെ ശുശ്രൂഷകനായി ദൈവം സ്വയം താണിറങ്ങുകയായിരുന്നു എന്ന് മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മൂവാറ്റുപുഴ ബിഷപ്പ് മാർ തെയോഡോഷ്യസ് പറഞ്ഞു. പെസഹാ ആചരണത്തിന്റെ ഭാഗമായി ചുവന്നമണ്ണ് സെ.തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ നടത്തിയ കാൽ കഴുകൽ ശുശ്രൂഷയ്ക്ക് കാർമ്മികത്വം വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഭക്തി നിർഭരമായിരുന്നു കാൽകഴുകൽ ശുശ്രുഷ. പന്ത്രണ്ട് ശിഷ്യരുടെ പ്രതീകമായി പന്ത്രണ്ടു വിശ്വാസികളുടെ പാദങ്ങൾ കഴുകി ചുംബിച്ചു കൊണ്ടാണ് ബിഷപ്പ് കാൽകഴുകൽ ശുശ്രൂഷ നടത്തിയത്. പന്ത്രണ്ട് പേരിൽ മുതിർന്ന അംഗം ബിഷപ്പിന്റെ പാദവും കഴുകി ചുംബിച്ചു. തുടർന്ന് പെസഹാ കുർബ്ബാനയും ഉണ്ടായിരുന്നു. വിവിധ ദേവാലയങ്ങളിൽ നിന്നെത്തിയ വിശ്വാസികളും വൈദികരും ശുശ്രൂഷയിൽ പങ്കെടുത്തു. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായുള്ള വിവിധ ശുശ്രൂഷകൾക്കും മറ്റ് പരിപാടികൾക്കും വികാരി ഫാ. കുര്യാക്കോസ് കറുത്തെടത്ത്, ട്രസ്റ്റി സണ്ണി മണിമലക്കുന്നേൽ, സെക്രട്ടറി കെ.ബി ലിബിൻ, ഇടവക കമ്മറ്റിയംഗങ്ങൾ, ഭക്ത സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.


0 Comments