കേരളത്തിലേത് സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങൾ: മന്ത്രി കെ രാജൻ


തൃശൂർ.കഴിഞ്ഞ ആറ് വർഷക്കാലം കേരളത്തിൽ സമാനതകൾ ഇല്ലാത്ത വികസന പ്രവർത്തനങ്ങളുടെ  അടയാളപ്പെടുത്തലായി സർക്കാർ മാറി കഴിഞ്ഞതായി റവന്യൂ മന്ത്രി കെ രാജൻ. സംസ്ഥാനത്തിന്റെ താഴെ തട്ടിൽ തുടങ്ങി എല്ലാ മേഖലയിലും വികസനത്തിന്റെ വിത്ത് വിതക്കാൻ സർക്കാരിന് കഴിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനം  വിദ്യാർത്ഥി കോർണറിൽ നടന്ന എന്റെ കേരളം മെഗാ പ്രദർശന വിപണനമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി സർക്കാരിന്റെ അവസാന ഘട്ടത്തിൽ കോവിഡിനെ കൃത്യമായ തയ്യാറെടുപ്പോടെ ചെറുത്ത് നിൽക്കാൻ ആരോഗ്യമേഖലയ്ക്ക് കഴിഞ്ഞത് ശ്രദ്ധേയമാണ്. പ്രതിസന്ധി കാലത്ത് ആരെയും പട്ടിണിക്കിടാതെ സംരക്ഷിക്കാനായത് ലോകത്തിന് തന്നെ മാതൃകയായി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും കൃത്യമായി തയ്യാറെടുപ്പുകൾ നടത്താനായെന്നും മന്ത്രി പറഞ്ഞു. അര ലക്ഷം പേരെ ഭൂമിയുടെ ഉടമകളാക്കാനും കിഫ്ബി പ്രവർത്തനങ്ങളിലൂടെ കേരളത്തിന് പുതിയ മുഖം നൽകുന്നതിനും സർക്കാരിന് കഴിഞ്ഞു. ഇതിന്റെ 


ഭാഗമായി തൃശൂർ ജില്ലയും നിരവധി വികസന പ്രവർത്തനങ്ങളുടെ ഭാഗമായി. വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 64,80,00 വിദ്യാലയങ്ങൾക്ക് പുതിയ മുഖം കൈവരിക്കാനായി. ലോകത്തിന് മുന്നിൽ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിനുള്ള ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം നൽകുന്നത്. പ്രതിസന്ധികൾക്ക് ഇടയിലും ഈ വർഷം 3200 കോടി രൂപ സാമൂഹ്യ ക്ഷേമ പെൻഷൻ വിഷു കൈനീട്ടമായി നൽകാൻ സർക്കാരിന് കഴിഞ്ഞതായും മന്ത്രി കൂട്ടിചേർത്തു. മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ എ സി മൊയ്തീൻ, ഇ ടി  ടൈസൺ മാസ്റ്റർ, കെ കെ രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, വി ആർ സുനിൽ കുമാർ, എൻ കെ അക്ബർ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ വി നഫീസ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ് ബസന്ത്‌ലാൽ, പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖരൻ,  ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments