തൃശൂർ. പൂരം വീക്ഷിക്കുന്നതിന് സുരക്ഷിതമെന്ന് കണ്ടെത്തിയ കെട്ടിടങ്ങളിലേക്ക് കുടമാറ്റം, വെടിക്കെട്ട് എന്നിവ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വരെ മാത്രം പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ എന്നിവരുടെ നേതൃത്വത്തിൽ കലക്ട്രേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. പൂരം കാണാൻ ആഗ്രഹിക്കുന്നവർ കുടമാറ്റവും വെടിക്കെട്ടും നടക്കുന്നതിന്റെ രണ്ടു മണിക്കൂർ മുമ്പ് തന്നെ കെട്ടിടങ്ങളിൽ പ്രവേശിക്കണം. അതിനു ശേഷം ആരെയും കെട്ടിടങ്ങളിലേക്ക് കടത്തിവിടില്ല. അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ച് ബലക്ഷയം കണ്ടെത്തിയ റൗണ്ടിലെ 144 കെട്ടിടങ്ങളിൽ പൂരം കാണാൻ ആളുകളെ പ്രവേശിപ്പിക്കില്ല. നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് പരമാവധി ആളുകൾക്ക് വെടിക്കെട്ട് കാണാൻ സൗകര്യം ഒരുക്കുമെന്നും പൊലീസും ദേവസ്വം അധികൃതരും വെടിക്കെട്ട് നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്ര സർക്കാരിന് കീഴിലുള്ള പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അനുശാസിക്കുന്ന രീതിയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് യോഗത്തിനു ശേഷം മന്ത്രിമാർ അറിയിച്ചു. യോഗത്തിൽ മേയർ എം കെ വർഗീസ്, ടി എൻ പ്രതാപൻ എം പി, പി ബാലചന്ദ്രൻ എം എൽ എ, ജില്ലാ കലക്ടർ ഹരിത വി കുമാർ, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി നന്ദകുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാൾ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി വിജയൻ, മറ്റ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


0 Comments