ഏഷ്യൻ ഗെയിംസിൽ മത്സരിക്കാൻ അഖിൽ അജി: ലോക കായിക ചരിത്രത്തിൽ ഇടം പിടിക്കാൻ പാണഞ്ചേരിയും

കണ്ണാറ. ഇൻഡോ ടിബറ്റ്  ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടം സ്വന്തമാക്കിയതോടെ ഏഷ്യൻ ഗെയിംസിൽ മത്സരിക്കാൻ അർഹത നേടിയിരിക്കുകയാണ് കണ്ണാറ സ്വദേശിയായ റസലിംഗ് താരം അഖിൽ അജി. പാണഞ്ചേരിക്ക്  ലോക കായിക ചരിത്രത്തിൽ സ്ഥാനമുറപ്പിക്കാൻ കഴിയുന്ന നേട്ടമാണ് അഖിൽ അജി സ്വന്തമാക്കിയത്. മെയ് 21 മുതൽ 24 വരെ നേപ്പാളിലെ പൊഖാറയിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്. 60 കിലോ വിഭാഗത്തിൽ (ഗ്രീക്കോ റോമൻ വിഭാഗം) ഇന്ത്യയെ പ്രതിനിധീകരിച്ചാണ് അഖിൽ മത്സരിച്ചത്. ദേശീയ യുവജന ക്ഷേമ കാര്യ മന്ത്രാലയത്തിന് കീഴിൽ സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച  ഫെഡറേഷൻ നാഷണൽ ഗെയിംസിലെ  സ്വർണമെഡൽ നേട്ടമാണ് അഖിലിന് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിലേക്കുള്ള വഴി തുറന്നത്. ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനുള്ള യോഗ്യത നേടിയതിലൂടെ പാണഞ്ചേരി പഞ്ചായത്തിനുമാത്രമല്ല കേരളത്തിനാകെ അഭിമാനകരമാവുകയാണ് അഖിലിന്റെ സുവർണ്ണ നേട്ടം. ദേശീയതലത്തിൽ കായികരംഗത്ത് പാണഞ്ചേരിയുടെ സ്ഥാനവും  അടയാളപ്പെടുത്തുകയാണ് അഖിൽ. പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. സ്കൂൾ പഠനകാലത്തും അഖിൽ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്. വഴുക്കുംപാറ എസ്എൻജി കോളേജിൽ നിന്നും ബിബിഎ പഠനത്തിനുശേഷം കൊച്ചിയിലെ ഇൻഫോപാർക്കിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും ഇപ്പോൾ ജോലി രാജിവെച്ച് മുഴുവൻ സമയവും പരിശീലനത്തിന് നീക്കിവെച്ചിരിക്കുകയാണ്. കണ്ണാറ വീണ്ടശ്ശേരി പുത്തൻപുരയ്ക്കൽ അജിയുടെയും ഗ്രേസിയുടെയും മകനാണ് അഖിൽ. സഹോദരി അനു.



Post a Comment

0 Comments