പട്ടിക്കാട്. ദേശീയപാതയോരത്തെ പണി പൂർത്തീകരിക്കാത്ത സർവീസ് റോഡുകൾ അപകടക്കെണികൾ എന്ന് നാട്ടുകാർ. പാലക്കാട് തൃശ്ശൂർ ദേശീയപാതയോട് ചേർന്ന് പാണഞ്ചേരി ഭാഗത്ത് ആണ് സർവീസ് റോഡിൻറെ പണികൾ ഇനിയും പൂർത്തീകരിക്കാതെ അപകടക്കെണി ഒരുക്കി കാത്തിരിക്കുന്നത്. രാത്രിസമയങ്ങളിൽ സർവീസ് റോഡ് ആണെന്ന് കരുതി ദേശീയപാതയിൽ നിന്നും താഴോട്ട് ഇറങ്ങിയാൽ നേരെ ചാടുന്നത് വലിയ കുഴിയിലേക്ക് ആയിരിക്കും. ദേശീയപാതയ്ക്ക് അടിയിലൂടെ വരുന്ന കലുങ്കിന്റെ നിർമ്മാണം ഈ ഭാഗത്ത് പൂർത്തിയാകാത്തതാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. ആഴ്ചകൾക്ക് മുൻപ് ചെമ്പൂത്ര സ്വദേശികളായ രണ്ട് യുവാക്കൾ ഇവിടെ അപകടത്തിൽ പെടുകയും സാരമായ പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. എന്നിട്ടും പ്രദേശത്ത് അപകട മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ബാരിക്കേഡുകളോ സ്ഥാപിച്ചിട്ടില്ല. ആറുവരിപ്പാതയിൽ പല സർവീസ് റോഡുകളുടെയും പണികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. അവയിൽ പലതും റോഡിൻറെ വശങ്ങൾ ഇടിഞ്ഞതും കലുങ്ക് നിർമ്മാണം പൂർത്തിയാകാത്തതുമായ അപകട സാധ്യത നിറഞ്ഞ പാതകളാണ്. വഴുക്കുംപാറ മുതൽ മുടിക്കോട് വരെയുള്ള പ്രദേശം നിരവധി അപകടങ്ങൾക്കാണ് ദിനംപ്രതി സാക്ഷ്യം വഹിക്കുന്നത്. എന്നിട്ടും വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ എടുക്കാൻ ദേശീയപാത അതോറിറ്റി തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.


0 Comments