സിഐടിയു തൊഴിലാളി സജിയുടെ ആത്മഹത്യ: പീച്ചി പോലീസ് സ്‌റ്റേഷനിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി


പട്ടിക്കാട്. പീച്ചിയിലെ സിഐടിയു തൊഴിലാളി സജിയുടെ മരണത്തിൽ ആത്മഹത്യ പ്രേരണാ കുറ്റത്തിന് സിപിഎം നേതാക്കൾക്കെതിരെ കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് പാണഞ്ചേരി പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പീച്ചി പോലീസ് സ്‌റ്റേഷനിലേക്ക്  പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പീച്ചി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പാണഞ്ചേരി പഞ്ചായത്ത് ഓഫീസ് വഴി പീച്ചി പോലീസ് സ്‌റ്റേഷന് മുന്നിൽ സമാപിച്ചു. മാർച്ചിനെ തുടർന്ന് നടന്ന ധർണ്ണ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. നിഷ്പക്ഷമായ നീതി നടപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ട പോലീസ് സംവിധാനം സിപിഎമ്മിന്റെ ചട്ടുകമായി പ്രവർത്തിച്ച് ഒരു കുടുംബത്തിന് ലഭിക്കേണ്ട നീതി നിഷേധിച്ചിരിക്കുകയാണ് എന്ന് ജോസ് വള്ളൂർ പറഞ്ഞു. സജിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന്  സഹോദരൻ ആവശ്യപ്പെട്ടിട്ടും നാളിതുവരെയായി പീച്ചി പോലീസ് ഒരു നടപടിയും കൈക്കൊള്ളാതിരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് ഇത്തരമൊരു സമരത്തിന് നേതൃത്വം നൽകിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെസി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. സജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണത്തിന് തയ്യാറാകാത്ത നിലപാടിൽ നിന്ന് പോലീസ് പിൻമാറണമെന്ന് കെ സി അഭിലാഷ് പറഞ്ഞു. മാർച്ചിന് ഐക്യദാർഢ്യവുമായി സജിയുടെ മാതൃസഹോദരൻ കുഞ്ഞച്ചനും പരിപാടിയിൽ പങ്കെടുത്തു. പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ, ഒല്ലൂക്കര മണ്ഡലം പ്രസിഡന്റ് മുത്തു തങ്ങൾ, മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, റോയി തോമസ്, റോയ് കെ ദേവസി, സജി താന്നിക്കൽ, ആന്റൊ അഗസ്റ്റിൻ, സുശീല രാജൻ, സി വി ജോസ്, രാജേഷ് കുളങ്ങര, ഷൈജു കുരിയൻ, സി.എസ് ശ്രീജു, റെജി പാണൻകുടി, എ.സി മത്തായി, വർഗീസ് വാഴപ്പള്ളി, ടി.പി ജോൺ, റീന ജോൺ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.




Post a Comment

0 Comments