പീച്ചി. അണക്കെട്ടുകളിലും നദികളിലും അടിഞ്ഞുകൂടിയിട്ടുള്ള മണൽ ശേഖരിച്ച് നിർമ്മാണ ആവശ്യങ്ങൾക്ക് ലഭ്യമാക്കണമെന്ന് കേരള നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി കോ നിക്കര പ്രഭാകരൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി പീച്ചി ഡാമിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീച്ചി ഡാമിലെ മണ്ണും മണലും നീക്കം ചെയ്ത് ജലസംഭരണശേഷി പൂർണമായും ഉപയോഗപ്പെടുത്തുക, നിർമ്മാണ സാമഗ്രികളുടെയും പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ മാർച്ച് നടത്തിയത്. നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ പ്രസിഡണ്ട് യു .പി ജോസഫ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ഷീല അലക്സ്, ജില്ലാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, ഏരിയ സെക്രട്ടറി സി. ജെ ജോയി, എം.ബാലകൃഷ്ണൻ, എ.സി വേലായുധൻ, ടി.കെ തങ്കപ്പൻ, എം.ആർ രാജൻ, കെ.വി ജോസ്, ഇ.സി ബിജു, ബൈജു, ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.


0 Comments