പാണഞ്ചേരി കുറി തട്ടിപ്പു കേസിലെ പ്രതി പോലീസ് പിടിയിൽ


പട്ടിക്കാട് . വിവിധ ഇടപാടുകാരിൽ  നിന്നായി 80 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ കേസിൽ പട്ടിക്കാട് സെന്ററിൽ പ്രവർത്തിച്ചിരുന്ന പാണഞ്ചേരി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടമ വെങ്ങിണിശ്ശേരി കുന്നത്ത് വീട്ടിൽ കെ.എസ് സജീവ് (57) പീച്ചി പോലീസിന്റെ പിടിയിലായി. പീച്ചി സിഐ എസ് ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചേർപ്പിലെ വെങ്ങിണിശ്ശേരിയിൽ നിന്നാണ് സജീവിനെ അറസ്റ്റ് ചെയ്തത്. പട്ടിക്കാട് ഗ്രേസ് ഹോട്ടൽ ഉടമ ബേബി തുറപ്പുറം നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. 5 ലക്ഷം രൂപയുടെ കുറിപ്പണം അടച്ചു തീർത്ത് കുറി വട്ടമെത്തിയിട്ടും  തുക നൽകാഞ്ഞതിനെ തുടർന്ന്  2020 മെയ് 27 നാണ് ബേബി പീച്ചി പോലീസിൽ പരാതി നൽകിയത്. സമാനമായ നിലയിൽ തട്ടിപ്പിനിരയായ മറ്റ് 64 പേർ കൂടി ഈ കേസിൽ കക്ഷി ചേർന്നിരുന്നു. 2020 ഫെബ്രുവരിയിൽ ആണ് കുറി വട്ടം എത്തിയത്. മാർച്ചിൽ കുറിക്കമ്പനിയുടെ പാർട്ണർമാരിൽ ഒരാളായിരുന്ന രാഘവൻ മരണപ്പെട്ടിരുന്നു. പോലീസ് അന്വേഷണത്തെ തുടർന്ന് വിവിധയിടങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു സജീവ് എന്ന് പോലീസ് പറഞ്ഞു. അടുത്തകാലത്തായി വെങ്ങിണിശ്ശേരി യിൽ താമസമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഒരാഴ്ചയായി മൂന്നു പോലീസുകാർ അടങ്ങിയ സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. എസ് ഐ മാരായ ഷാജി, ഹരികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.



Post a Comment

0 Comments