പാണഞ്ചേരി സ്വദേശിക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ മാരായ്ക്കൽ വാർഡിൽ ഉൾപ്പെടുന്ന ആശാരിക്കാട് പ്രദേശത്ത് ഒരാൾക്ക് പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗി ഇപ്പോൾ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അടിയന്തര സാഹചര്യം പരിഗണിച്ച് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. മാരായ്ക്കൽ വാർഡിൽ നാളെ ഡ്രൈഡേ ആചരിക്കാൻ തീരുമാനിച്ചു. ക്യൂലക്സ് കൊതുകുകൾ പരത്തുന്ന വെസ്റ്റ് നൈൽ ഫീവർ മാരകമായാൽ മരണംവരെ സംഭവിക്കാം. ഇതുവരെയും ഈ രോഗത്തിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ലെന്ന് ഡോ. കെ.എസ് ജയന്തി പറഞ്ഞു. കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുമ്പോൾ ആയിരിക്കും ലക്ഷണങ്ങൾ പ്രകടമാവുക. പനി, തലവേദന, ഛർദ്ദി, വയറുവേദന, വയറിളക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടേക്കാം. എന്നാൽ കൊതുകിന്റെ കടിയേറ്റ 80 ശതമാനം പേർക്കും ലക്ഷണങ്ങൾ പ്രകടമായില്ലെന്നും വരാം. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓർമ്മക്കുറവ് എന്നിവയ്ക്കും വഴിവെക്കാം. മേൽപ്പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാൽ അടിയന്തരമായി ഗവ. ആശുപത്രികളിൽ ചികിത്സ തേടണം എന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. കൊതുകു നശീകരണം ആണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗം. വീടിനകത്തും പുറത്തും തൊടിയിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണം. രോഗം പരത്തുന്ന കൊതുക് 10 കിലോമീറ്റർ വരെ പറക്കും എന്നതിനാൽ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.എസ് ജയന്തി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി അനിത, ആരോഗ്യ വകുപ്പിന്റെ ഡിസ്ട്രിക്ട് സർവൈലൻസ് ഓഫീസർ ഡോ. കാവ്യ, ടെക്നിക്കൽ അസിസ്റ്റന്റ് വിജയകുമാർ, ഹെൽത്ത് സൂപ്പർവൈസർ ഗോപിനാഥൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുധീർ,  റെജി വി മാത്യു, അഭിലാഷ്, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments