സർവീസ് റോഡ് നിർമാണം അപൂർണ്ണം: യു.ഡി.എഫ് പ്രതിഷേധിച്ചു

വാണിയമ്പാറ: സർവീസ്  റോഡ് നിർമാണം പൂർത്തീയാക്കാതെ പ്രവൃത്തികൾ ഇടയക്ക് വെച്ച് നിർത്തിവെക്കാനുള്ള കരാർ കമ്പനിയുടെ ശ്രമത്തിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഗമം സംഘടിപ്പിച്ചു. മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ ജില്ലാതിർത്തിയായ വാണിയമ്പാറയിൽ നിന്നും നീലിപ്പാറയിലേക്കുള്ള സർവീസ് റോഡ് നീലിപ്പാറയ്ക്കും വാണിയമ്പാറയ്ക്കും ഇടയിൽ നിർത്തിവെച്ച് നിർമാണം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് കരാർ കമ്പനി. ദേശീയ പാതയിൽ നിന്നും നീലിപ്പാറയിലേക്കും അത് വഴി മണിയൻ കിണർ, പൊട്ടിമട റോഡുകളിലേക്കും പ്രവേശിക്കാൻ സർവീസ് റോഡ് അനിവാര്യമാണ്. മണിയൻകിണർ, കൊള്ളിക്കാട് എന്നിവിടങ്ങളിലുള്ള ആദിവാസി കോളനികളിലേക്കും ഇത് വഴിയാണ് കടന്ന് പോകേണ്ടത്. സർവീസ് റോഡില്ലെങ്കിൽ ഏറ്റവുമധികം അപകട സാധ്യതയുള്ള പ്രദേശം കൂടിയാണിത്. ഇതെല്ലാം അവഗണിച്ച് കൊണ്ടാണ് കരാർ കമ്പനി മുന്നോട്ട് പോകുന്നത്. പ്രദേശവാസികളുടെ വീട്ടുകളിലേക്കും കൃഷിസ്ഥലങ്ങളിലേക്കും മാർഗ്ഗതടസ്സവുമുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം പരിഹരിക്കാൻ സർവ്വീസ് റോഡ് നീലിപ്പാറ വരെ നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് വാർഡ് കോൺഗ്രസ് കമ്മറ്റി പ്രസിഡൻറ് എം.ആർ.രതീഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ സംഗമം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.എ.മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. ആർ.വൈ.എഫ്.ജില്ലാ സെക്രട്ടറി വിഷ്ണു രവീന്ദ്രൻ, എം.എം.ഇബ്രാഹിം, ടി.എസ്.ഷനുബ്, ഫസീല നിഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.എ.ഷക്കീർ ,കെ.സി.ഹനീഫ, കോശി ജയിംസ്, പി.എ.നിഷാദ്, മേരി വർഗീസ്,ഷൗക്കത്തലി, ഷിജു സ്കറിയ, ആണ്ടവൻ, കെ.എ. സെയ്ത് മീരാൻ, വർഗീസ്, ഷാഹിദ ജബ്ബാർ, പോൾ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments