പീച്ചിയിൽ ജലനിധിയുടെ പൈപ്പ് ലൈൻ തകർന്നു; നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടും


പീച്ചി. മൈലാട്ടുംപാറ അംബേദ്കർ പാലത്തിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്നിടത്ത് ജലനിധിയുടെ പൈപ്പ് ലൈൻ തകർന്നു. ഇതുമൂലം പീച്ചി, പാലക്കുന്ന് പ്രദേശങ്ങളിലെ ടാങ്കുകളിലേക്ക്  ഉള്ള പമ്പിങ് നിർത്തിവെച്ചു. ഇതോടെ പ്രദേശത്തെ നൂറുകണക്കിന് വീടുകളിലേക്കുള്ള ജലവിതരണവും തടസ്സപ്പെട്ടു.  പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ്  എടുത്തതിനെ തുടർന്ന് ജലനിധിയുടെ പമ്പിങ് ലൈൻ കഴിഞ്ഞ മെയ് 4 മുതൽ അപകടാവസ്ഥയിൽ ആയിരുന്നു.  താൽക്കാലികമായി പൈപ്പ് ലൈനിന് ഒരു താങ്ങ് നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്തുനിന്നും കൂടുതൽ മണ്ണ് ഒഴുകിപ്പോയി. ഇതോടെ വിലങ്ങന്നൂർ ടാങ്കിലേക്കുള്ള പൈപ്പിന്റെ ജോയിന്റ് പൂർണ്ണമായും വിട്ടു. പാലക്കുന്ന് ടാങ്കിലേക്കുള്ള ലൈനിന്റെ ജോയിന്റിൽ ചോർച്ചയും ശക്തമായി. നേരത്തെ ഇവിടെ ഉണ്ടായിരുന്ന പഴയ നടപ്പാത ഹിറ്റാച്ചി ഉപയോഗിച്ച് നീക്കിയപ്പോൾ പൈപ്പുകളെ താങ്ങി നിർത്തിയിരുന്ന മൺതിട്ട കൂടി തകർന്നിരുന്നു. ഇതേ തുടർന്നാണ് പൈപ്പ് ലൈൻ അപകടാവസ്ഥയിൽ ആയത്. എന്നാൽ പൈപ്പിനടിയിലെ മണ്ണ് നീക്കുന്ന വിവരം തങ്ങളെ അറിയിച്ചിരുന്നില്ല എന്ന് പീച്ചി എസ് എൽ ഇ സി സെക്രട്ടറി കെ.പി ബേബി പറഞ്ഞു.  പൈപ്പുകൾ അടിയന്തരമായിപുനസ്ഥാപിക്കാൻ പാലത്തിന്റെ  കരാറുകാരോട് ജലനിധി ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണം എന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments