പീച്ചി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സിന് എട്ടാം റാങ്ക് കരസ്ഥമാക്കിയ അയന ജോയിയെ കോൺഗ്രസ് പീച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി അഭിലാഷും മണ്ഡലം പ്രസിഡണ്ട് ബാബു തോമസും ചേർന്ന് അയന ജോയിക്ക് ഉപഹാരം സമ്മാനിച്ചു. അയന ജോയിയുടെ റാങ്ക് നേട്ടം പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് അഭിമാനകരമാണ് എന്നും അക്കാദമിക രംഗത്ത് നാടിന്റെ പുരോഗതിയുടെ അടയാളമാണ് നമ്മുടെ വിദ്യാർഥികൾ സ്വന്തമാക്കുന്ന നേട്ടങ്ങൾ എന്നും അഭിലാഷ് പറഞ്ഞു. മഞ്ഞക്കുന്ന് ചാക്കോ പറമ്പിൽ ജോയിയുടേയും, ജയന്തിയുടേയും മകളാണ് അയന. പട്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു പഠനത്തിനുശേഷം തൃശ്ശൂർ വിമല കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയ അയന തൃശ്ശൂർ സെൻറ് അലോഷ്യസ് കോളേജിൽ ആണ് എം എസ് സി പഠനം പൂർത്തീകരിച്ചത്. കഠിനാധ്വാനവും കുടുംബത്തിന്റെ പിന്തുണയും ആണ് തന്റെ നേട്ടത്തിൽ മുഖ്യ പങ്കു വഹിച്ചത് എന്ന് അയന പറഞ്ഞു. അനുമോദന ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ മുൻ മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി എൽദോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, ബൂത്ത് പ്രസിഡന്റ് മാത്യൂസ് തുടങ്ങിയവരും പങ്കെടുത്തു.


0 Comments