തൃശൂർ. 2010 ലെ കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും പ്രകാരം താഴെ പറയുന്ന കാര്യങ്ങൾ നിരോധിച്ചിട്ടുള്ളതും ചട്ടം ലംഘിക്കുന്നത് ശിക്ഷാർഹവുമാണെന്ന് തൃശൂർ ഫിഷറീസ് ഡയറക്ടർ അറിയിച്ചു.
- മത്സ്യബന്ധനത്തിനുള്ള അവകാശം ലൈസൻസ് സമ്പ്രദായം വഴിയും മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും ഉപയോഗം രജിസ്‌ട്രേഷനിലൂടെ നിയന്ത്രിച്ചിട്ടുള്ളതാണ്.
- മത്സ്യബന്ധനം നടത്തപ്പെടുന്ന ഉൾനാടൻ ജലാശയത്തിന്റെ പകുതിയിലധികം ഭാഗം തടസ്സപ്പെടുന്ന വിധത്തിൽ യാതൊരാളും മത്സ്യബന്ധന പ്രവർത്തനം നടത്താൻ പാടുള്ളതല്ല.
- പാലത്തിന്റെയോ ചീർപ്പിന്റെയോ ഇരുവശങ്ങളിലുമായി 100 മീ. വരെ വശങ്ങളിലൂടെയുള്ള മത്സ്യങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ മത്സ്യബന്ധനം നടത്തുവാൻ പാടുള്ളതല്ല.
- വിനാശകരമായ മത്സ്യബന്ധനരീതികളായ തോട്ട പൊട്ടിക്കൽ, സ്‌ഫോടക വസ്തുക്കൾ പ്രയോഗിക്കൽ, വൈദ്യുതിയോ വൈദ്യുതോപകരണങ്ങളോ ഉപയോഗിക്കൽ, രാസവസ്തുക്കളും വിഷവസ്തുക്കളും കലക്കൽ മറ്റ് മാരക വസ്തുക്കൾ തുടങ്ങിയ മാർഗ്ഗങ്ങളുപയോഗിച്ച് മത്സ്യബന്ധനം നടത്തുവാൻ പാടുള്ളതല്ല.
- രാത്രി കാലങ്ങളിൽ മത്സ്യങ്ങളെ ആകർഷിച്ച് പിടിക്കുന്നതിനായി 100 വാട്‌സിൽ കൂടുതൽ ശക്തിയുള്ള വിളക്കുകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തരുത്.
- വ്യാവസായികമോ, ഗൃഹജന്യമോ ആയ ഖര ദ്രവ മാലിന്യങ്ങളോ കീടനാശിനികളോ രാസവസ്തുക്കളോ ജലാശയത്തിൽ നിക്ഷേപിക്കാൻ പാടുള്ളതല്ല.
- മത്സ്യങ്ങളുടെ സഞ്ചാമത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ ചിറകളോ, തടയോ, അടച്ചിലുകളോ കൃത്രിമ ബണ്ടുകളോ, കെട്ടുകളോ, വേലികളോ നിർമ്മിക്കുവാൻ പാടില്ലാത്തതാണ്.
- ഉൾനാടൻ ജലാശയത്തിന്റെ നിലവിലുള്ള പാരിസ്ഥിതികാവസ്ഥയ്ക്ക് ദോഷമാകുന്ന വിധത്തിലുള്ള നശീകരണ പ്രവർത്തനങ്ങളോ, രൂപാന്തരപ്പെടുത്തലുകളോ നടത്താൻ പാടില്ലാത്തതാണ്.
- 20 മി. മീറ്ററിൽ കുറഞ്ഞ കണ്ണിവലിപ്പമുള്ള യാതൊരു വലയും നിർമ്മിക്കുകയോ, സൂക്ഷിക്കുകയോ ഉൾനാടൻ ജലാശയത്തിന്റെ നിലവിലുള്ള പാരിസ്ഥിതികാവസ്ഥയ്ക്ക് ദോഷമാകുന്ന വിധത്തിലുള്ള നശീകരണ പ്രവർത്തനങ്ങളോ, രൂപാന്തരപ്പെടുത്തലുകളോ നടത്താൻ പാടില്ലാത്തതാണ്.
- സ്ഥാവര വലകളിൽ യന്ത്രവൽക്കരണം നടത്തി മത്സ്യബന്ധനം നടത്താൻ പാടില്ലാത്തതാണ്. ഫിഷറീസ് വകുപ്പിൽ നിന്നും അനുമതി ലഭിയ്ക്കാതെ യാതൊരു വിധത്തിലുമുള്ള പടലുകൾ സ്ഥാപിച്ച് ജലാശയങ്ങളിൽ നിന്നും മത്സ്യബന്ധനം നടത്താൻ പാടില്ലാത്തതാണ്.
- നിരോധിക്കപ്പെട്ടിട്ടുള്ള മത്സ്യവിത്തുകൾ യാതൊരു വിധ മത്സ്യകൃഷിക്കും ഉപയോഗിക്കാൻ പാടുള്ളതല്ല. വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ യാതൊരു കാരണവശാലും ശേഖരിക്കാൻ പാടുള്ളതല്ല.
- ഉൾനാടൻ ഫിഷറീസ് ആക്ടിന്റെ നിയമ ലംഘനങ്ങൾ ശിക്ഷാർഹവും 15,000 രൂപ വരെ ഈടാക്കാവുന്നതുമാണ്.


0 Comments