കല്ലിടുക്കിൽ ബസ് ഓട്ടോയിലിടിച്ച് അപകടം: മൂന്നുപേർക്ക് പരിക്ക്

പട്ടിക്കാട്. ദേശീയപാത കല്ലിടുക്കിൽ ബസ് പെട്ടി ഓട്ടോയിലിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആലത്തൂർ വാനൂര് നാല് സെന്റിൽ ഫറൂക്ക്, ഓട്ടോ ഡ്രൈവർ അബു താഹിർ, ഇജാസ് എന്നിവർക്കാണ് പരിക്കേറ്റത്.  ഫറൂഖിന് തലയ്ക്ക് സാരമായ പരിക്കുണ്ട്. മൂന്നുപേരും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്നവരാണ്. ഇവരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം സംഭവിച്ചത്.  ആലത്തൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ കല്ലിടുക്കിൽ വെച്ച് പട്ടിക്കാട് ഭാഗത്തേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ ഇതേ ദിശയിൽ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ ഓട്ടോ റിക്ഷ പൂർണമായും തകർന്നു. പ്രദേശത്ത് ദേശീയപാത കുറുകെ കടക്കാൻ വാഹനങ്ങൾ ശ്രമിക്കുന്നത് നിരവധി അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ആളുകളുടെ അശ്രദ്ധയാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത് എന്ന് നാട്ടുകാർ പറഞ്ഞു.



Post a Comment

0 Comments