പീച്ചി ജനമൈത്രി പോലീസ് ഇടപെട്ടു; താമരവെള്ളച്ചാൽ ആദിവാസി കോളനിയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ എത്തി


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ വിവിധ ജനകീയ വിഷയങ്ങളിൽ പീച്ചി ജനമൈത്രി പോലീസിന്റെ ഇടപെടൽ ശക്തമാവുകയാണ്. സാമ്പത്തികമായും ആരോഗ്യപരമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ കണ്ടെത്തി അർഹരായവർക്ക് ആവശ്യമായ സഹായങ്ങൾ കൃത്യമായി എത്തിക്കാനുള്ള ശ്രമത്തിലാണ് അവർ. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ഫ്രിൻസനും സനിൽകുമാറും പ്രശംസനീയമായ പ്രവർത്തനങ്ങളാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെയ്തു വരുന്നത്. താമരവെള്ളച്ചാൽ ആദിവാസി കോളിനിയിലെ 36 ഓളം വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുമായി ഹൈക്കോടതി ജീവനക്കാർ എത്തിയതും ഇവരുടെ ഇടപെടലിനെ 

തുടർന്നാണ്. കമ്മ്യൂണിറ്റി ക്ലാസ് റൂമിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ സിറ്റി സി ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ കെ.എ തോമസ് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സമൂഹത്തിൽ വേദന അനുഭവിക്കുന്നവരെ കണ്ടെത്തി അവരെ സാഹായിക്കാനുള്ള മനസ്സാണ് നമുക്ക് വേണ്ടതെന്നും അത്തരം പ്രവർത്തികളാണ് ജനമൈത്രി പോലീസ് ചെയ്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ജഡ്ജിയുടെ പ്രൈവറ്റ് സെക്രട്ടറി വരതയുടെ മകൾ ഗോപികയുടെ ഓർമ്മയ്ക്കു വേണ്ടിയും, ഹൈക്കോടതി ജീവനക്കാരൻ അനിൽകുമാറും ഭാര്യ സൂര്യയും മക്കൾ എളമക്കരയിലെ ഭവൻസ് സ്‌കൂളിലെ വിദ്യാർത്ഥികളുമായ ശിവാനി, ഇഷാൻ എന്നിവരും ചേർന്നാണ് പഠനോപകരണങ്ങൾ ഒരുക്കിയത്. പഠിച്ച വിഷയങ്ങളിലെല്ലാം ഉന്നത വിജയം കൈവരിച്ച ഗോപിക കഴിഞ്ഞവർഷം ഉണ്ടായ ബസ് അപകടത്തിലാണ് മരണപ്പെട്ടത്. പ്രദേശത്തെ കുട്ടികളുടെ അവസ്ഥ ഹൈക്കോടതി ജീവനക്കാരനും പട്ടിക്കാട് തമ്പുരാട്ടിപറമ്പിലെ താമസക്കാരനുമായ ഹരിദാസ് തരൂരിനെ വിവരം അറിയിക്കുകയും അതിനുശേഷം ഹരിദാസ് നടത്തിയ ഇടപെടലിനെ തുടർന്നാണ്  ഹൈക്കോടതി ജീവനക്കാർ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുമായി എത്തിയത്. കഴിഞ്ഞ പ്രളയ കാലത്തും കോവിഡ് കാലഘട്ടത്തിലും അല്ലാതെയും പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങൾ നടത്തിയവരാണ് ഹരിദാസ് തരൂരും, ജനമൈത്രി ഉദ്യോഗസ്ഥരായ സനിൽകുമാറും, ഫ്രിൻസനും. എ.ഐ.സി.എസ്., ഐ.എ.എസ് കേരള അക്കാദമി ഡയറക്ടർ മേജോ ജോൺ താഴെ കാടൻ, ഷാജി ചാത്തംകുളം, ജിതിൻ കെ.ടി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments