പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് കനാലും പുറത്ത് താമസിക്കുന്ന ചന്ദ്രികക്കും മക്കൾക്കും കൈത്താങ്ങായി ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ. അർബുദ രോഗബാധിതയായ ചന്ദ്രികയുടെ രണ്ടു മക്കൾക്കുള്ള പഠന സഹായവുമായിട്ടാണ് പീച്ചി ജനമൈത്രി പോലീസ് എത്തിയത്. തൃശ്ശൂർ സിറ്റി സി ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ കെ.എ തോമസ് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കാരുണ്യ പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് പീച്ചി പോലീസ് സ്‌റ്റേഷനിലെ ജനമൈത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത് എന്ന് എ.സി.പി കെ.എ തോമസ് പറഞ്ഞു. ജനമൈത്രി ഉദ്യോഗസ്ഥരായ ഫ്രിൻസൻ, സനികുമാർ, എ.ഐ.സി.എസ്., ഐ.എ.എസ് കേരള അക്കാദമി ഡയറക്ടർ മേജോ ജോൺ താഴെകാടൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ സുനീത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഭർത്താവ് മരിച്ച് രണ്ടു കുഞ്ഞുങ്ങളുമായി ജീവിതം മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ബ്ലഡ് ക്യാൻസറും ബോൺ ക്യാൻസറും ഒരേസമയം ചന്ദ്രികയുടെ ജീവിതം തകർത്തത്. സ്വന്തമായി വീടില്ലാത്ത ചന്ദ്രികയുടെ ആവശ്യം അറിഞ്ഞ് പീച്ചി ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ഫ്രിൻസനും, സനിൽകുമാറും ചേർന്ന് സുമനസ്സുകളുടെ സഹായം തേടി. ഇതേതുടർന്ന് ഇവർക്ക് വീടുവെക്കാൻ 3 സെൻറ് ഭൂമി സൗജന്യമായി നൽകാമെന്നും ഒരാൾ ഉറപ്പുനൽകി. അതിൽ വീടുവയ്ക്കാൻ മറ്റൊരാളും സഹായം നൽകാമെന്ന് ഉറപ്പു നൽകിയതായി ജനമൈത്രി പോലീസ് പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിരവധിപേരുടെ ജീവിതത്തിൽ കൈത്താങ്ങാകുവാനും കണ്ണീരൊപ്പുവാനും പീച്ചിയിലെ ജനമൈത്രി പോലീസിന് സാധിച്ചിട്ടുണ്ട്.


0 Comments