പട്ടിക്കാട്. ദേശീയപാതയിൽ പന്നിയങ്കര ടോൾപ്ലാസയിൽ പുതുക്കിയ നിരക്കിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞ് ഉത്തരവായി. പഴയ നിരക്കിൽ മാത്രം ടോൾ പിരിച്ചാൽ മതിയെന്നാണ് ഹൈക്കോടതി ജസ്റ്റിസ് ടി.ആർ. രവി, ഉത്തരവിട്ടത്. ടോൾ പിരിവിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ടോൾ കമ്പനി ബസ്സ് ഉടമകൾക്കെതിരെ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ അഡ്വ. കെ.ബി. ഗംഗേഷ് മുഖാന്തിരം കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, ലോറി ഓണേഴ്സ് അസ്സോസിയേഷൻ എന്നിവർ കക്ഷി ചേർന്നിരുന്നു. ടോൾ നിരക്ക് കുറയ്ക്കാത്തതും പണി പൂർത്തിയാക്കാതെ ടോൾ പിരിവിന് അനുമതി നൽകിയതും കോടതി ചോദ്യം ചെയ്തിരുന്നു. പ്രസ്തുത ഹർജി തീർപ്പാക്കിയ കോടതി പുതുക്കിയ ടോൾ നിരക്ക് കുറച്ച് പഴയ നിരക്കിൽ മാത്രം ടോൾ പിരിക്കാൻ ഉത്തരവിടുകയും ചെയ്തു. ദേശീയ പാതയുടെ പണികൾ മുഴുവൻ പൂർത്തിയാക്കാതെ താൽക്കാലിക കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൊടുത്തതിന് വേറെ കേസ് കൊടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
0 Comments