ചെമ്പൂത്ര കരിപ്പക്കുന്ന് റോഡ് തകർച്ചയിൽ; ദേശീയപാതയിലേക്ക് പ്രവേശിക്കാനുള്ള സ്ലാബ് വീണ്ടും തകർന്നു


പട്ടിക്കാട്. ദേശീയപാത ചെമ്പൂത്രയിൽ നിന്നും കരിപ്പക്കുന്ന് ഭാഗത്തേക്ക് പോകുന്ന റോഡ് തകർന്നിട്ട് വർഷങ്ങളായി. ഇതുവരെയും റീടാറിങ് നടത്താൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ നിരവധി വീടുകളിലേക്കുള്ള പ്രധാന റോഡാണിത്. എന്നിട്ടും അറ്റകുറ്റപ്പണികൾ പോലും നടത്താൻ വേണ്ട നടപടികൾ എടുക്കാൻ അധികൃതർ ശ്രമിക്കാത്തതിൽ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. ടാർ ഇളകിയും കുഴികൾ രൂപപ്പെട്ടും തികച്ചും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. മാത്രമല്ല റോഡിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്ലാബുകൾ തകർന്ന നിലയിലും ആണ്. മാസങ്ങൾക്ക് മുൻപ് തകർന്ന് കിടന്ന സ്ലാബുകൾ ചില ആഴ്ചകൾക്ക് മുൻപ് പുനസ്ഥാപിച്ചെങ്കിലും വാഹനങ്ങൾ കയറിയതോടെ അവ വീണ്ടും തകരുകയായിരുന്നു. ഇതുമൂലം രൂപപ്പെട്ട കുഴികൾ ഇരുചക്രവാഹനങ്ങൾക്ക് അപകടഭീഷണിയാണ്. നിരവധി തവണ അധികൃതരെ വിവിരം അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം പഞ്ചായത്ത് അധികൃതർ ഈ വിഷയത്തിൽ ഇടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



Post a Comment

0 Comments