പട്ടിക്കാട്. ഇന്നലെ രാത്രി 12 മണിയോടെ ഉണ്ടായ ശക്തമായ കാറ്റിൽ പാണഞ്ചേരി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വ്യാപകമായ കൃഷിനാശമുണ്ടായി. വാഴ കർഷകർക്കാണ് കൂടുതലും നാശനഷ്ടങ്ങൾ ഉണ്ടായത്. പത്താംകല്ല്, മേലേചിറ, തെക്കുംപാടം, മഞ്ഞക്കുന്ന്, പീച്ചി, പാണഞ്ചേരി, ചെമ്പൂത്ര എന്നിവിടങ്ങളിലായി ആയിരക്കണക്കിന് നേന്ത്ര വാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണു നശിച്ചത്. കർഷകർ കൃഷിഭവനിൽ നൽകുന്ന വിവരം അനുസരിച്ച് കൃഷിനാശത്തിന്റെ വ്യാപ്തി കണക്കാക്കി വരുന്നതേയുള്ളൂ. മഞ്ഞക്കുന്നിൽ മുൻ പഞ്ചായത്ത് അംഗം കെ.പി എൽദോസിന്റെ ഇരുന്നൂറിലേറെ നേന്ത്രവാഴകളാണ് കാറ്റിൽ നിലംപൊത്തിയത്. ചെമ്പൂത്ര മാനാങ്കോട് കൂർച്ചാം വീട്ടിൽ മുരളിയുടെ കുലവന്ന് രണ്ടു മാസം പ്രായമായ നൂറോളം വാഴകളും കാറ്റിൽ നശിച്ചതായി വാർഡ് മെമ്പർ ജയകുമാർ അദംകാവിൽ പറഞ്ഞു. ഇത്തരത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വാഴ കർഷകർക്ക് ചെറുതും വലുതുമായി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്നലെയുണ്ടായ കാറ്റു മൂലം പാണഞ്ചേരിയിലെ വാഴ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചതെന്ന് കൃഷി ഓഫീസർ ടി.ആർ അഭിമന്യു പറഞ്ഞു. കൃഷിനാശം ഉണ്ടായ കർഷകർക്ക് നഷ്ടപരിഹാരത്തിന് ഓൺലൈനായി അപേക്ഷ നൽകാം. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി നഷ്ടപരിഹാര തുക നിശ്ചയിക്കുമെന്നും കൃഷി ഓഫീസർ പറഞ്ഞു.


0 Comments