പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ കൂട്ടാല ഏദൻ ഗാർഡൻസിനു സമീപം മീൻകുളം നിർമ്മിക്കാനെന്ന പേരിൽ കളിമൺ ഖനനം നടത്തുകയാണെന്നും ഇതുമൂലം പ്രദേശത്ത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ജില്ലാകളക്ടർക്ക് പരാതി നൽകി. വൻതോതിലുള്ള ഖനനം മൂലം തൊട്ടടുത്ത ജനവാസ മേഖലയായ ഏദൻ ഗാർഡനിലെ വീടുകളിലെ കിണറുകൾ വറ്റിവരളുന്നതായി നാട്ടുകാർ പറയുന്നു. ബന്ധപ്പെട്ടവരെ പരാതി നേരിട്ട് അറിയിച്ചിട്ടും കളി മണ്ണെടുക്കുന്നത് നിർബാധം തുടരുകയാണ്. ഇവിടെ മീൻ കുളം നിർമ്മിക്കുന്നതിന് ഖനന അനുമതിക്കായി ജിയോളജി വകുപ്പിൽ നൽകിയ അപേക്ഷയുടെ മറവിലാണ് വൻതോതിൽ കളിമണ്ണ് എടുത്ത് കൂട്ടിയിട്ടിരിക്കുന്നത് എന്ന് നാട്ടുകാർ പറഞ്ഞു. മുമ്പും ഇത്തരത്തിൽ വ്യാപകമായ കളിമൺ ഖനനം ഇവിടെ നടന്നിരുന്നു. വേനലിൽ രൂക്ഷമായ കുടി വെളള ക്ഷാമവും മഴക്കാലത്ത് പ്രളയ സമാനമായ വെള്ളക്കെട്ടും ഉണ്ടാകുന്ന പ്രദേശമാണിത്. ഗുരുതരമായ പരിസ്ഥിതി ആഘാതത്തിന് ഇടവരുത്തുന്ന അനധികൃത കളിമൺ ഖനനത്തിനെതിരെ പഞ്ചായത്തോ പോലീസോ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഇതേ തുടർന്ന് വാർഡ് മെമ്പർ സി.എസ് ശ്രീജുവിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി ജില്ലാ കളക്ടർക്ക് പരാതി നൽകുകയായിരുന്നു.


0 Comments